
ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച പുലർച്ചെ വായു ഗുജറാത്ത് തീരം തൊടും. ഗുജറാത്ത് സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചുട്ടുണ്ട്. ഗുജറാത്ത് സർക്കാർ കര നാവിക സേനകളുടെയും തീര സംരക്ഷണ സേനയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
അറബിക്കടലിൽ ലക്ഷദ്വപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ അർദ്ധരാത്രിയോടെയാണ് വായു ചുഴലിക്കാറ്റായി മാറിയത്. നിലവിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ വേഗം. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്തകാറ്റും കടൽക്ഷോഭവും തുടരുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തുകൂടി കരയിൽ പ്രവേശിക്കും. ജൂൺ 13ന് പുലർച്ചെ ചുഴലിക്കാറ്റ് 110-120 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് പോർബന്തറിനും മഹുവക്കും ഇടയിൽ വീരവൽ ഡിയു ഭാഗത്ത് തീരം തൊട്ടേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റ പ്രവചനം.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 






























 
  
 
 
  
  
  
  
 