ഡെറാഡൂന്‍:ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ ഉള്ള വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നാല്പതു കവിഞ്ഞു. മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നൂറിലധികം പേരെ കാണാതായിട്ടുണ്ട്. ചെനാബ്, ഉത്ഡ്, ബസന്തര്‍,തവി തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി കനത്ത നാശമാണ് വിതച്ചു കൊണ്ടിരിക്കുന്നത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും വെള്ളത്തില്‍ ഒലിച്ചു പോകുകയും ചെയ്തു. ഗര്‍വാള്‍ മേഘലയില്‍ ആണ് എറ്റവും അധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം നേരിടുന്നുണ്ട്. ഗംഗോത്രി ബദരിനാഥ് കേദാര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള ചാര്‍ദാം യാത്രക്കാരായ തീര്‍ഥാടകര്‍ ഗംഗോത്രി മേഘലയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ആലിപ്പഴവര്‍ഷവും ഇടിയും ചേര്‍ന്ന് എത്തുന്ന കനത്ത മഴയെ ആണ് മേഘസ്ഫോടനം അഥവാ ക്ലൌഡ് ബേസ്റ്റ് എന്ന് ശാസ്ത്ര ലോകം വിളിക്കുന്നത്. ഏതാനും നിമിഷത്തേക്ക് ആയിരിക്കും ഈ പ്രതിഭാസം ഉണ്ടാകുക. എന്നാല്‍ അതിന്റെ ഫലമായി വലിയതോതില്‍ ഉള്ള വെള്ളമാണ് ഭൂമിയില്‍ പതിക്കുക. ആലിപ്പഴ വര്‍ഷം നിലക്കുമെങ്കിലും കനത്ത മഴതുടരുകയും ചെയ്യും. 1908-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഒരു പ്രതിഭാസം ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. 1970-ല്‍ ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘസ്ഫോടനമാണ് ഈ ഗണത്തില്‍ പെട്ട ഏറ്റവും വലുത്. 2005-ല്‍ മുംബൈയിലും 2010-ല്‍ കാശ്മീരിലും മേഘസ്ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.