ന്യൂഡൽഹി: കോഹിനൂർ ബ്രിട്ടീഷുകാർ മോഷ്ടിച്ചതല്ലെന്ന് കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നല്കി. ഒരു സന്നദ്ധ സംഘടന നല്കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഏറെ കാലമായി നില നിന്ന ഈ വിവാദത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. രഞ്ജിത് സിങ് മഹാരാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണ് കോഹിനൂര്‍ എന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ പരാതി പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കോടതി തയ്യാറായില്ല. സുപ്രീം കോടതി കേസ് തള്ളി എന്നത് പിന്നീട് ഈ രത്നം തിരിച്ചു നല്‍കുന്നതിന്‍ തടസ്സമായാലോ എന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ അഭിഭാഷകനോട് വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് 6 ആഴ്ച്ചകള്‍ക്ക് ശേഷം കോടതി വീണ്ടും കേള്‍ക്കും.