- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം
ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.
താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം, സ്ത്രീ വിമോചനം
മുംബൈ: വിവാദ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജയിലടയ്ക്കപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. അര്‍തര്‍ റോഡ് ജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച ഉച്ചയോടെ ആണ് ത്രിവേദി പുറത്ത് വന്നത്. ജയിലിനു പുറത്ത് കാത്തു നിന്ന ഇന്ത്യാ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ ത്രിവേദിക്ക് ഉജ്ജ്വലമായ സ്വീകരണം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത ബുദ്ധവിഹാറില്‍ എത്തി ഡോ. ബാബ സാഹേബ് അംബേദ്കര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്ന് ത്രിവേദി വ്യക്തമാക്കി.
യു. പി. എ. സര്‍ക്കാറിന്റെ അഴിമതിയെ കുറിച്ച് തന്റെ കാര്‍ട്ടൂണുകളിലൂടെ കേന്ദ്ര സര്‍ക്കാറിനും ബ്യൂറോക്രാറ്റു കള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ത്രിവേദി നടത്തിയിരുന്നത്. പാര്‍ളമെന്റില്‍ പോലും ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കപ്പെട്ട കാര്‍ട്ടൂണുകള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടയിലാണ് ദേശീയ ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം കാര്‍ട്ടൂണ്‍ വരച്ചതായി ത്രിവേദിക്കെതിരെ പരാതി ഉയര്‍ന്നത്. ഇതുമായ ബന്ധപ്പെട്ട കേസില്‍ ത്രിവേദി കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കോടതി, മാധ്യമങ്ങള്‍, വിവാദം
ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെ തിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധിച്ചു. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങിയാണ് ആയിരങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കു ചേര്‍ന്നത്. തങ്ങളുടെ സമര നായകനായ ഉദയകുമാറിനെ ഒരു കാരണവശാലും പോലീസിനു വിട്ടു കൊടുക്കില്ല എന്ന വാശിയിലാണ് സമരക്കാര്‍. എന്നാല്‍ ക്രിമിനല്‍ കേസ് ചാര്‍ജ്ജു ചെയ്തതിനാല്‍ അറസ്റ്റു ചെയ്തേ പറ്റൂ എന്ന് പോലീസും പറയുന്നു. സമര സമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത് .
ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ നടപടി എടുക്കണമെന്നും ഇടിന്തകരൈയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കടലിലിറങ്ങി സമരം നടക്കുന്നത്. എന്നാല്‍ ഇടിന്തകരൈയിൽ പോലിസ് ഇപ്പോഴും അഴിഞ്ഞാടുകയാണ്. സമരക്കാരുടെ വീടുകളില്‍ കയറി അക്രമം നടത്തുകയും ബോട്ടുകളും വള്ളങ്ങളും വലകളും നശിപ്പിക്കുകയും ചെയ്യുകയാണ്. പോലീസിന്റെ നരനായാട്ടിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും പോലീസിന്റെ ബല പ്രയോഗത്തില്‍ കേടു പറ്റിയ ബോട്ടുകള്‍ക്കും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സമര സമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു.
- ഫൈസല്‍ ബാവ
വായിക്കുക: ആണവം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം
മുംബൈ : പ്രമുഖ കാര്‍ട്ടൂണിസ്റ്റും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അസിം ത്രിവേദിയെ ദേശ വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്തതിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം. ഞായറാഴ്ച അറസ്റ്റു ചെയ്ത ത്രിവേദിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഐ. പി. സി. 124 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഒപ്പം ദേശീയ ചിഹ്നങ്ങളോട് അനാദരവു കാട്ടിയെന്നതിന്റെ പേരില്‍ നാഷ്ണല്‍ എംബ്ലം ആക്ടും ചുമത്തിയിട്ടുണ്ട്.
ശക്തമായ രാഷ്ടീയ കാര്‍ട്ടൂണുകളിലൂടെ അസിം ത്രിവേദി കേന്ദ്ര സര്‍ക്കാറിനെ തുറന്നെതിർത്തിരുന്നു. പാര്‍ലമെന്റില്‍ പോലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അഴിമതിയെ തുറന്നു കാട്ടുന്ന നിരവധി കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ ഡൊട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വെബ്സൈറ്റിനെതിരെയും പോലീസ് നടപടിയുണ്ടായി. ഈ ബ്ലോഗ്ഗില്‍ ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത്രിവേദിക്കെതിരായ നടപടിയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് അവര്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനം ഒന്നും നടത്തിയിട്ടില്ലെന്ന് പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡ്യ കഠ്ജു വ്യക്തമാക്കി.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം