ന്യൂഡല്‍ഹി : വിക്കിലീക്സ് വെളിപ്പെടുത്തിയ പുതിയ രേഖകളിലെ പരാമര്‍ശങ്ങള്‍ ബി. ജെ. പി. യെയും വെട്ടിലാക്കി. ആണവ കരാര്‍ സംബന്ധിച്ച തങ്ങളുടെ എതിര്‍പ്പുകള്‍ കാര്യമായി എടുക്കേണ്ട എന്ന് ഒരു ഉന്നത ബി. ജെ. പി., ആര്‍. എസ്. എസ്. നേതാവ് അമേരിക്കന്‍ പ്രതിനിധിയെ സമാശ്വസിപ്പിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വെളിപ്പെട്ടത്. ബി. ജെ. പി. ദേശീയ എക്സിക്യൂട്ടീവ് അംഗവും ആര്‍. എസ്. എസ്. പ്രമുഖനുമായ ശേഷാദ്രി ചാരി ഡിസംബര്‍ 25നാണ് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ട് ബ്ലെക്കുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത് എന്ന് കേബിള്‍ സന്ദേശങ്ങള്‍ പറയുന്നു. ബി.ജെ.പി. അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കേവലം രാഷ്ട്രീയമായ നേട്ടത്തിന് വേണ്ടിയാണെന്നും ഇതില്‍ അമേരിക്ക ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് ചാരി ബ്ലെക്കിനോടു പറഞ്ഞത്. യു. പി. എ. സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ ലാഭം നേടാന്‍ വേണ്ടി സാധാരണയായി പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് മാത്രമാണിത് എന്നും ബി. ജെ. പി. നേതാവ് അമേരിക്കന്‍ പ്രതിനിധിയെ ധരിപ്പിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തിയ നയതന്ത്ര രേഖകള്‍ വ്യക്തമാക്കി.