അനന്തപുര്‍ : ശ്വാസകോശ സംബന്ധമായ നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്നു പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ബാബ ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ തുടര്‍ച്ചയായി ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുന്നു.
ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം മാര്‍ച്ച് 28-നാണ് 85-കാരനായ ബാബയെ പുട്ടപര്‍ത്തി പ്രശാന്തി ഗ്രാമത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം വഷളായിരിക്കുന്നു. ചികിത്സയോടു കാര്യമായി പ്രതികരിക്കുന്നില്ല. ഡോക്‌ടര്‍മാരുടെ സംഘം ആകുന്നതെല്ലാം ചെയ്യുന്നുണ്ട് – മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്‌തമാക്കി. ആരോഗ്യ നില അല്‍പം വഷളാണെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ് ഇന്നലെ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. വൈകുന്നേരത്തോടെ സ്‌ഥിതി ഗുരുതരമായി.