ന്യൂഡല്‍ഹി: ജനനത്തീയതി വിവാദത്തില്‍ കരസേനാമേധാവി വി. കെ. സിംഗ് സുപ്രീം കോടതിയെ സമീപിച്ചതോടെ കേന്ദ്രസര്‍ക്കാരും നിയമയുദ്ധത്തിന്. കേന്ദ്ര സര്‍ക്കാറിനെതിരെ കരസേനാ മേധാവി വി. കെ. സിങ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഒരു കരസേനാമേധാവി സര്‍ക്കാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ആദ്യമാണ്. സംഭവം ഏതായാലും കേന്ദ്രസര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കും. 1951 മെയ് പത്താണ് സിങ്ങിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മറ്റുമുള്ള തീയതി. എന്നാല്‍, ‘നാഷണല്‍ മിലിട്ടറി അക്കാദമി’യില്‍ ചേര്‍ന്ന സമയത്തുള്ള രേഖപ്രകാരം 1950 മെയ് പത്താണ് ജനനത്തീയതി. സ്കൂള്‍ രേഖയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഒരു വര്‍ഷംകൂടി കാലാവധിയുണ്ട്. തന്റെ ജനനത്തീയതിയായി 1951 മെയ് പത്ത് കണക്കിലെടുക്കണമെന്നാവശ്യപ്പെട്ടാണ് വി.കെ. സിങ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, താന്‍ ഇക്കൊല്ലം മെയ് പത്തിനു തന്നെ വിരമിക്കാമെന്നും അഡ്വ. പുനിത് ബാലി മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ജനനത്തീയതി 1951 മെയ് പത്താണെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഉണ്ടെന്നും ജനറല്‍ സിങ് പറയുന്നു.