ന്യൂഡല്‍ഹി: അനധികൃതമായി വിദേശ കറന്‍സി കൈവശം വച്ചതിനെ ത്തുടര്‍ന്നു പിടിയിലായ പാക് ഗായകന്‍ റഹത്ത് ഫത്തേഹ് അലി ഖാനെ വിട്ടയച്ചു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം നാലിനാണ് 1,24,000 അമേരിക്കന്‍ ഡോളറുമായി(60 ലക്ഷം രൂപ) പ്രശസ്ത സൂഫിഗായകനും 37കാരനുമായ റഹത്തിനെയും അദ്ദേഹത്തിന്റെ സംഗീതട്രൂപ്പിലെ 16 അംഗ സംഘത്തെയും പിടികൂടിയത്.
ഇന്ത്യയിലെ അവാര്‍ഡുദാനത്തിലും സംഗീതപരിപാടികളിലും പങ്കെടുത്തശേഷം തിരികെ പാക്കിസ്ഥാനിലേക്കു പോകവെയായിരുന്നു അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എല്ലാവരേയും ഇന്നലെ വൈകുന്നേരത്തോടെ വിട്ടയച്ചു. എന്നാല്‍ രാജ്യം വിട്ടുപോകാന്‍ ഇവര്‍ക്ക് അനുവാദമില്ല. 17-നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റഹത്തിനെയും സംഘത്തേയും കസ്റ്റഡിയിലെടുത്തതറിഞ്ഞ് പാക്കിസ്ഥാന്‍ ഇടപെട്ടിരുന്നു. മോചനത്തിനായി നയതന്ത്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നു ഡല്‍ഹിയിലെ പാക് ഹൈമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു വിട്ടയച്ചതെന്നാണു സൂചന.
രഹസ്യവിവരം ലഭിച്ചതിനെ ത്തുടര്‍ന്നു റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണു ഇവരുടെ കൈയില്‍ കണക്കില്‍പ്പെടാത്ത വിദേശകറന്‍സികള്‍ കണ്ടെത്തിയത്. 24,000 ഡോളര്‍ റഹത്തിന്റെ ബാഗില്‍നിന്നും 50,000 ഡോളര്‍വീതം മറ്റു രണ്ടു പേരുടേയും ബാഗുകളില്‍നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം 5,000 ഡോളറില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ല. ഇതില്‍ കൂടുതല്‍ വിദേശപണം കൈവശമുണെ്ടങ്കില്‍ ഇതിന്റെ വരുമാനസ്രോതസ് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഇന്ത്യയില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചതിനുള്ള പ്രതിഫലമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നല്‍കിയതാണ് ഈ പണമെന്നാണ് റഹത്ത് ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഐലൈന്‍ ടെലിഫിലിം ആന്‍ഡ് ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഓഫീസുകള്‍ റവന്യൂഇന്റലിജന്റ്‌സ് വിഭാഗം ഇന്നലെ റെയ്ഡ് നടത്തി. ഈ റെയ്ഡില്‍ 51 ലക്ഷം രൂപയും ഏതാനും രേഖകളും പിടിച്ചെടുത്തു.
നിരവധി ഹിന്ദി സിനിമകളില്‍ ഗാനങ്ങളാലപിച്ചിട്ടുള്ള ഇയാള്‍ ബോളിവുഡിലും ഏറെ പ്രശസ്തനാണ്. ഇഷ്ഖിയ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതിന് ഏറ്റവും മികച്ച പിന്നണിഗായകനുള്ള ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ പ്രശസ്തനായ ഇതിഹാസ ഗായകന്‍ ഉസ്താദ് നുസ്രത് ഫത്തേഹ് അലിഖാന്റെ അനന്തിരവന്‍ കൂടിയാണ് റഹത്ത്.
റഹത്തും സംഘവും കസ്റ്റഡിയിലായ വിവരമറിഞ്ഞയുടന്‍ ഇവരെ വിട്ടയയ്ക്കണമെന്ന് പാക് വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ബഷീര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്കിനോടു റഹത്തിന്റെ മോചനത്തിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. റഹത്തിനും സംഘാംഗങ്ങള്‍ക്കുമെതിരെയുള്ള നിയമനടപടികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഡല്‍ഹിയിലെ ഹൈക്കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ ചോദ്യംചെയ്ത ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് ഓഫീസ് ആസ്ഥാനത്തെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.