കോഴിക്കോട് : അറുപത്തി നാല് കാരിയായ ഒരു ജര്‍മന്‍ ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് കോഴിക്കോട്ട് പതിനെട്ട് വയസുള്ള യുവാവ് അറസ്റ്റിലായി. ലോക പ്രശസ്തമായ കാപ്പാട് കടപ്പുറത്ത് വെച്ചാണ് സംഭവം. ആക്രമണത്തിന് ഇരയായ സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ടൂറിസ്റ്റ് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു ജര്‍മന്‍ സ്വദേശി കൂടി സാക്ഷിയാണ്. അറസ്റ്റിലായ യുവാവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.



സിസ്റ്റര്‍ അഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസഫ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റം സമ്മതിച്ചരായി സി. ബി. ഐ. എറണാകുളം സി. ജെ. എം. കോടതിയെ അറിയിച്ചു. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ച പ്രതികള്‍ സി. ബി. ഐ. മുന്‍പ് നടത്തിയിരുന്ന നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ സഹായത്തോ ടെയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുക ആയിരുന്നു.
സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു കപ്പല്‍ കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ യുദ്ധത്തിലൂടെ ഇന്ത്യ തകര്‍ത്ത നടപടിക്ക് ഐക്യ രാഷ്ട്ര സഭ ജെനറല്‍ സെക്രട്ടറി ബെന്‍ കി മൂണ്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തങ്ങള്‍ സോമാലിയന്‍ സര്‍ക്കാരും, അന്താരാഷ്ട്ര നാവിക സംഘടനയും, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പ്രശ്നത്തിന് ഒരു അറുതി വരുത്താനുള്ള തീവ്ര ശ്രമത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. ഇന്ത്യന്‍ നാവിക സേനയുടെ പരിശ്രമങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാവും. കൂടുതല്‍ സൈന്യങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നത് ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുവാന്‍ സഹായിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
























