ചണ്ഡിഗഡ്: ഹര്യാനയിലെ സോനിപത് ഗ്രാമത്തിലെ വികസനങ്ങളെ കുറിച്ച് ചോദ്യം ചെയ്ത 2 വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഹര്യാനയിലെ സിവങ്കയിലെ ബ്ലോക്ക് വികസന ഓഫീസില്‍ വച്ച് തങ്ങളുടെ ഗ്രാമത്തിന് അനുവദിച്ച വികസന ഫണ്ട് ദുരുപയോഗം ചെയ്തതിനെ കുറിച്ച് ചോദ്യം ചെയ്ത ജയ് ഭഗവാന്‍, കരംബിര്‍ എന്നീ രണ്ടു യുവാക്കളെ ഗ്രാമത്തലവന്‍ വെടി വയ്ക്കുകയായിരുന്നു.
വിവരാവകാശത്തിനുള്ള അപേക്ഷയുമായി ഇവര്‍ ഓഫീസില്‍ എത്തിയപ്പോള്‍, ഓഫീസിലെ ക്ലാര്‍ക്ക് ഫോണ്‍ ചെയ്തു ഗ്രാമത്തലവനായ ജയ് പാലിനെ വിളിക്കുകയും, ഉടന്‍ തന്നെ മക്കളെയും കൂട്ടി സ്ഥലത്തെത്തിയ അയാള്‍ ജയ് ഭഗവാനെ ഫോണില്‍ വിളിച്ചു ഓഫീസിനു പുറത്തേക്കു ഇറക്കിയതിനു ശേഷം 2 പേരുടെയും നേര്‍ക്ക് നിറ ഒഴിക്കുകയായിരുന്നു. ഇതിനു ശേഷം ഇരുമ്പ് വടികള്‍ കൊണ്ട് തല്ലിയതായും ജയ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തലവനെയും മക്കളായ രവീന്ദറിനെയും ജിതേന്ദറിനെയും, ക്ലാര്‍ക്ക് മുന്‍ഷി റാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമത്തിനു ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇക്കൊല്ലം രണ്ടാം തവണയാണ് ചണ്ഡിഗഡില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം നടക്കുന്നത്. ഫെബ്രുവരിയില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്റെ മരുമകളെ, ഒരു പെന്‍ഷന്‍ അഴിമതിയെക്കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗ്രാമത്തലവനും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.