അഹമ്മദാബാദ് : ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായ ഭീകരവാദം ആഗോള താപനം മുതലായവയ്ക്കുള്ള പരിഹാരം ഭാരതീയ അദ്ധ്യാത്മികതയിൽ ഉണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ മുഴുവൻ സാദ്ധ്യതകളും ലോകം മനസ്സിലാക്കിയിട്ടില്ല. ഐ.ടി. മേഖലയിൽ ഇന്ത്യൻ യുവത്വത്തിന്റെ ശക്തി ലോകം മനസ്സിലാക്കി. എന്നാൽ ഇന്ത്യയിലെ ആദ്ധ്യാത്മികതയുടെ ശക്തി ഇനിയും പുറംലോകത്തിന് അജ്ഞാതമാണ്. അഗോള താപനം പോലുള്ള ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഭാരതീയ ഋഷി വര്യന്മാർ കാണിച്ചു തന്ന ആദ്ധ്യാത്മികയുടെ പാത. പ്രകൃതിയെ അമ്മയായി കണ്ട് ആദരിക്കുന്ന രാജ്യമാണ് ഇന്ത്യ.
അഗോള താപനം ഉയർത്തുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലോകം നെട്ടോട്ടം ഓടുകയാണ്. എന്നാൽ നമ്മുടെ മുനിമാരും ആദ്ധ്യാത്മിക നേതാക്കളും നൽകിയ സന്ദേശം മനസ്സിലാക്കിയാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാവും. വസുദേവ കുടുംബകം എന്ന ഭാരതീയ സങ്കൽപ്പം ഭീകരവാദത്തിനുള്ള മറുപടിയാണ് എന്നും മോഡി പറഞ്ഞു. സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഒരു മത സ്ഥാപനത്തിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഡി.