
- ലിജി അരുണ്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം, വിവാദം
ന്യൂയോര്‍ക്ക് : 1984ല്‍ സിക്ക് ജനതയ്ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന് ഇന്ത്യയിലെ കോണ്ഗ്രസ് പാര്‍ട്ടിക്ക് എതിരെ അമേരിക്കന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ ഏകപക്ഷീയമായി വിധി കല്പ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജിക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ മാര്‍ച്ച് 15ന് കോടതി വാദം കേള്‍ക്കും.
1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്ഗ്രസ് പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിക്ക് വംശജര്‍ക്ക് എതിരെ നടന്ന സായുധ കലാപത്തില്‍ മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ജഗദീഷ് ടൈറ്റ്ലര്‍, എച്ച്. കെ. എല്‍. ഭഗത് എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി വാടകയ്ക്കെടുത്ത കൊലയാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ് സിക്കുകാരെ ആക്രമിക്കുവാനും കൊള്ള ചെയ്യാനുമുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതായി അന്നത്തെ ട്രിബ്യൂണ്‍ പത്രം വെളിപ്പെടുത്തി. മൂന്നു ദിവസത്തേക്ക് ഡല്‍ഹിയിലെ പല ജയിലുകളും, സബ് ജയിലുകളും, പോലീസ് ലോക്കപ്പുകളും തുറന്നു കിടന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്നും ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെ “സിക്കുകാരെ ഒരു പാഠം പഠിപ്പിക്കണം” എന്ന നിര്‍ദ്ദേശവുമായി വേണ്ടതെല്ലാം നല്‍കി തെരുവിലേക്ക് ഇറക്കി വിട്ടു. ഇവരുടെ ആക്രമണത്തെ ചെറുത്ത സിക്കുകാരെ മാസങ്ങളോളം കോടതി നടപടികളുമായി നട്ടം തിരിപ്പിക്കാനും അന്ന് ഭരണത്തില്‍ ഇരുന്ന കോണ്ഗ്രസ് പാര്‍ട്ടിക്കൊപ്പം ഡല്‍ഹി പോലീസ് ഉത്സാഹിച്ചതായി ട്രൈബ്യൂണ്‍ വ്യക്തമാക്കി.
കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ അമേരിക്കയില്‍ സിക്ക് വംശജരുടെ സംഘടനയായ സിക്ക്സ് ഫോര്‍ ജസ്റ്റിസ് ആണ് ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്ഷം മാര്‍ച്ച് 1ന് വിശദീകരണം നല്‍കാന്‍ കോടതി കോണ്ഗ്രസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോണ്ഗ്രസ് കോടതിയെ അറിയിച്ചത്. നിരവധി തവണ സമയം നീട്ടികൊടുത്തിട്ടും ഇന്ന് വരെ വിശദീകരണം നല്‍കാന്‍ കോണ്ഗ്രസിന് കഴിയാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കണം എന്നാണ് ഇപ്പോള്‍ ഹരജിക്കാരുടെ ആവശ്യം.
സിക്ക് കലാപം അന്വേഷിച്ച ജസ്റ്റിസ് ജി. ടി. നാനാവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെടും എന്ന് സിക്ക് സംഘടനയുടെ അഭിഭാഷകര്‍ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തീവ്രവാദം, പീഡനം, പോലീസ് അതിക്രമം, മനുഷ്യാവകാശം
ന്യൂഡല്‍ഹി : ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ്, യാഹൂ, ഓര്‍ക്കുട്ട്, ബ്ലോഗ്‌സ്പോട്ട് എന്നിങ്ങനെ 21 സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും ഈ വെബ് സൈറ്റുകള്‍ കാരണമാകുന്നു എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. ഈ വെബ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-A, 153-B, 295-A എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താവുന്നതാണ് എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ബ്ലോഗ് അടക്കം ഒട്ടേറെ മാദ്ധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ വിദ്വേഷവും വിഭാഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള വിവാദങ്ങളും സംവാദങ്ങളും പ്രചരിക്കുന്ന പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നത് ഇത്തരം മാദ്ധ്യമങ്ങളുടെ ദൂഷ്യ വശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം എന്ന വാദത്തിന് ഇത്തരം ദുരുപയോഗങ്ങള്‍ ശക്തി പകരുന്നു.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, തീവ്രവാദം, മനുഷ്യാവകാശം, മാധ്യമങ്ങള്‍, വിവാദം
ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരം അനാവശ്യമാണെന്നും, 14,000 കോടി രൂപ ചെലവഴിച്ച് റഷ്യയുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ കൂടംകുളത്ത് പണിത ആണവനിലയം വെറുതെ കളയാന്‍ പറ്റില്ലെന്നും അതിനാല്‍ ഉടനെ തന്നെ പ്രവര്‍ത്തനം തുടങ്ങി വൈദുതി ഉല്പാദിപ്പിക്കുമെന്നും പ്രധാന മന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തില്‍ നിന്ന് വെച്ചാണ് അര്‍ത്ഥശങ്കക്ക് ഇടം നല്‍കാതെ ഇങ്ങനെ അദ്ദേഹം പറഞ്ഞത്. നിലയത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ അതവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
-
വായിക്കുക: അപകടം, ഇന്ത്യ, പരിസ്ഥിതി, മനുഷ്യാവകാശം
ന്യൂഡല്‍ഹി : ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ കൂടുന്ന അവസരത്തില്‍ യു.പി.എ. യിലെ കോണ്ഗ്രസ് മന്ത്രിമാരില്‍ തന്നെ ചിലര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ വീരപ്പ മൊയ്‌ലി, മുകുള്‍ വാസ്നിക് എന്നിവരാണ് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിദേശ നിക്ഷേപം അനുവദിക്കുന്നതോടെ ആഗോള സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ വാള്‍മാര്‍ട്ട്, ടെസ്കോ എന്നീ ശൃംഖലകളുടെ പിടിയില്‍ ഇന്ത്യന്‍ ചില്ലറ വ്യാപാര രംഗം അമരുകയും ചെറുകിട വ്യാപാരികള്‍ ദുരിതത്തില്‍ ആവുകയും ചെയ്യും.
ഇടതു പക്ഷം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. ബി.ജെ.പി. യും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
- ജെ.എസ്.
വായിക്കുക: അഴിമതി, തൊഴിലാളി, മനുഷ്യാവകാശം, വ്യവസായം, സാമ്പത്തികം