- എസ്. കുമാര്‍
വായിക്കുക: മനുഷ്യാവകാശം, സമുദായം
ഇന്ത്യ ഇന്ന് അറുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കിത്തീര്‍ത്ത സംഭവങ്ങള്‍ നമ്മുക്ക് ഓര്‍മ്മിക്കാം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സ്വാതന്ത്ര്യ സമരത്തിലെ നേതാക്കന്മാര്‍ക്കും ധീരതയോടെ പൊരുതിയ ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും സിദ്ധാന്തങ്ങളാണു നമ്മുടെ വിജയത്തിന്‍റെ അടിസ്ഥാനം. രാജ്യത്തിനു നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പ്രധാനപ്പെട്ടതാണ്. അര്‍പ്പണ ബോധത്തോടെ, ആത്മാര്‍ഥതയോടെ, ആര്‍ജവത്തോടെ, അഭിമാനപൂര്‍വം സ്വന്തം കടമ നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്യാന്‍ എല്ലാ പൌരന്‍മാര്‍ക്കും കഴിയട്ടെ. എല്ലാ e-പത്രം വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യ, മനുഷ്യാവകാശം, രാജ്യരക്ഷ
ന്യൂഡല്‍ഹി: 2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 2004ലാണ് അഫ്‌സല്‍ഗുരുവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ 2006 ഒക്ടോബര്‍ 20നകം നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.
ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി. ഏറെക്കാലമായി യു.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചു കൊണ്ട് കഴിഞ്ഞ ജൂലൈ 27ന് രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്.
അതിനിടെ, 2000 ഡിസംബര്‍ 22നു ചെങ്കോട്ട ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ഇന്നലെ ശരിവച്ചു. ചെങ്കോട്ട ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഢലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ആരിഫിനെതിരേ ചുമത്തിയിരുന്നത്.
- ലിജി അരുണ്‍
വായിക്കുക: കോടതി, തീവ്രവാദം, പോലീസ് അതിക്രമം, മനുഷ്യാവകാശം, രാജ്യരക്ഷ
അഹമ്മദാബാദ് : ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സത്യവാങ്ങ്‌മൂലം നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് ഭട്ട് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്നും ഭട്ട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. അറിയിപ്പ് കൂടാതെ ജോലിക്ക് ഹാജരാവാതിരിക്കുക, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഭട്ടിനെതിരെ ആരോപിച്ചിരിക്കുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഭട്ട് ഇപ്പോള്‍ എസ് ആര്‍ പി ട്രെയിനിംഗ് സ്കൂളിന്റെ ചുമതല വഹിക്കുകയായിരുന്നു. ഭട്ടിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ കൃത്യവിലോപം ആരോപിച്ച് ഡിജിപി ചിത്തരഞ്ജന്‍ സിംഗ് രംഗത്ത് വരികയും ഭട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, പോലീസ് അതിക്രമം, മനുഷ്യാവകാശം
കാശ്മീര്‍: പൂഞ്ച് ജില്ലയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ നാട്ടുകാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരായ ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസറെയും ലോക്കല്‍ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെയും അറസ്റ്റു ചെയ്തു. ആര്‍ . പി. സി 302 വകുപ്പ് പ്രകാരം അറസ്റ്റ് ചെയത വിവരം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓപ്പറേഷന്‍ നടന്നതിന് ശേഷമുള്ള വിവരം വിദേശിയായ തീവ്രവാദിയെ കൊന്നു എന്നായിരുന്നെങ്കിലും പിന്നീടാണ് സത്യാവസ്ഥ മനസ്സിലാക്കാനായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തെറ്റായ വിവരമാണ് സൈന്യത്തിന് കൈമാറിയതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ പരിശീലനം നേടിയ ലഷ്‌കറെ ത്വയിബ കമാന്‍ഡറെ ജമ്മു മേഖലയിലെ പൂഞ്ച് ജില്ലയില്‍ സുറന്‍കോട്ടെ ഏരിയയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെയ്പ്പിലൂടെ കൊലപ്പെടുത്തി എന്നാണ് ആര്‍മി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ മരണപ്പെട്ടത് നാട്ടുകാരനാണെന്ന് സംഭവമറിഞ്ഞെത്തിയ ജനക്കൂട്ടം തിരിച്ചറിയുകയായിരുന്നു അതോടെ ജനങ്ങള്‍ പരാതിയിമായി എത്തി. ഇത്തരത്തില്‍ മുമ്പും പലതവണ വ്യാജ ഏറ്റുമുട്ടലുകള്‍ കാശ്മീരില്‍ ഉണ്ടായിട്ടുണ്ട് .
-
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പോലീസ് അതിക്രമം, മനുഷ്യാവകാശം