മന്‍മോഹന്‍ സിംഗ് മന്ത്രി സഭയുടെ ആദ്യ വികസനം ഇന്ന് നടന്നു. കഴിഞ്ഞ ഒരു ദശാബ്ദ്ത്തിനു ശേഷമാണു ഇത്രയും അംഗ സംഖ്യയുള്ള ഒരു മന്ത്രി സഭ ഉണ്ടാകുന്നത്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍, 14 ക്യാബിനെറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതല ഉള്ള 7 മന്ത്രിമാരും, 38 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ നിശ്ചയിച്ചത് പോലെ രാവിലെ കൃത്യം 11.30നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. രാഷ്ട്രപതി പ്രതിഭ പടീല്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, തുടങ്ങിയ പ്രമുഖര്‍ മുന്‍ നിരയില്‍ ഇരുന്നു ചടങ്ങിനു സാക്ഷ്യം വഹിച്ചു. അതേ സമയം എല്‍. കെ. അദ്വാനി തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയം ആയി. കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ ഡി. എം. കെ., ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍. സി. പി., മുസ്ലിം ലീഗ് തുടങ്ങിയ സഖ്യ കക്ഷികളുടെ അംഗങ്ങളും ഉണ്ടായിരുന്നു.
ഏറെ പുതു മുഖങ്ങളും യുവ ജനങ്ങളും ഈ മന്ത്രി സഭയില്‍ സ്ഥാനം കണ്ടെത്തി. മന്ത്രി സഭയിലെ 13 അംഗങ്ങള്‍ 40 വയസിന് താഴെ ഉള്ളവര്‍ ആണ്. 9 വനിതകളുടെയും പ്രാതിനിത്യം ഉണ്ട്, കഴിഞ്ഞ മന്ത്രി സഭയേക്കാള്‍ ഒന്ന് കുറവ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയം ആയതു 27 വയസു മാത്രം പ്രായമുള്ള അഗത സങ്ങ്മ ആണ്. മുന്‍ ലോക സഭ സ്പീക്കര്‍ പി. എ. സങ്ങ്മയുടെ മകളാണ് അഗത.
ലോക് സഭയില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സ്ഥിരം പരാതി ഇത്തവണ മലയാളികള്‍ക്ക് ഉണ്ടാകില്ല. ഇ. അഹമ്മദ്, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മലയാളികള്‍. ഇവരെ കൂടാതെ ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ച എ. കെ. ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെ 6 മന്ത്രിമാര്‍.
അതേ സമയം ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ഉത്തര്‍ പ്രദേശിന് ഇക്കുറി മതിയായ പ്രാതിനിധ്യം ലോക് സഭയില്‍ ഇല്ല എന്നുള്ളത് ഒരു പോരായ്മ ആയി. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെ ആണെന്ന് ഇത് വരെ തീരുമാനം ആയിട്ടില്ല.