‘ചൊവ്വയിലായാലും നിങ്ങളെ ഇന്ത്യൻ എംബസി രക്ഷിച്ചിരിക്കും..’ എന്ന ഉറപ്പ് പറയാൻ ഇത്തവണ സുഷമ സ്വരാജ് മന്ത്രിസഭയില്‍ ഇല്ല. സമൂഹമാധ്യമങ്ങളില്‍ സുഷമയ്ക്ക് അഭിവാദ്യങ്ങള്‍ നിറയുകയാണ്. രാഷ്ട്രീയത്തിനതീതമായിരുന്നു വിദേശകാര്യമന്ത്രിയായുള്ള സുഷമയുടെ സേവനം.വിട്ടുവീഴ്ച്ചയില്ലാത്ത സ്നേഹവും കരുതലും കാരുണ്യവും രാജ്യത്തിന് പുറത്തും അകത്തും പെട്ടുപോയവർക്ക് നൽകാൻ കഴിഞ്ഞ അഞ്ച് വർഷവും സുഷമ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ അനാരോഗ്യമാണ് സുഷമയെ മന്ത്രിസഭയിൽ നിന്നകറ്റിയതെങ്കിലും അതിനിയും അംഗീകരിക്കാൻ മിക്കവരും തയ്യാറായിട്ടില്ലെന്നതാണ് സത്യം.
സത്യപ്രതിജ്ഞയ്ക്ക് തൊട്ടു മുൻപാണ് സുഷമ സ്വരാജ് മന്ത്രിപദത്തിലില്ല എന്ന വാർത്ത പുറത്ത് വരുന്നത്.അഞ്ചു വർഷം അവസരം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച സുഷമയുടെ ട്വീറ്റിന് പിന്നാലെ ജനങ്ങളുടെ സ്നേഹവും ബഹുമാനവും കമന്റുകൾടെ രൂപത്തിൽ പ്രവഹിച്ചു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദിയും ഇക്കൂട്ടത്തിൽപ്പെടും.