നാഗ്പൂര്‍ : പ്രതിദിനം ഒരു മൊബൈല്‍ നമ്പരില്‍ നിന്നും വെറും 100 എസ്. എം. എസ്. സന്ദേശങ്ങള്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ എന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിനെതിരെ നല്കിയ പൊതു താല്പര്യ ഹരജിയിന്മേല് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും, ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും, പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കും നോട്ടീസ് അയച്ചു. ജില്ലാ ബാര്‍ അസോസിയേഷന് പ്രസിഡണ്ട് സുദീപ് ജെയ്സ്വാള്‍ ആണ് എസ്. എം. എസ്. സന്ദേശ പരിധിക്കെതിരെ ഹരജി നല്‍കിയത്. ഇത്തരം പരിധി കല്‍പ്പിക്കുന്നത് തന്റെ മൌലിക അവകാശത്തിന്റെ ധ്വംസനമാണ് എന്ന് ഹരജിക്കാരന് കോടതിയെ ബോധിപ്പിച്ചു. ആരെയും ശല്യപ്പെടുത്താതെ ഏറ്റവും ആരോഗ്യകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്താനുള്ള ആദായകരമായ ഉപാധിയാണ് എസ്. എം. എസ്. സങ്കേതം എന്നും, പ്രതിദിനം 100 സന്ദേശങ്ങള്‍ എന്ന പരിധി പ്രായോഗികമല്ല എന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.