ന്യൂഡല്‍ഹി: സമഗ്ര ലോക്പാല്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു പ്രമുഖ സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ നടത്തുന്ന സത്യഗ്രഹസമരം കേന്ദ്ര സര്‍ക്കാരിനെ വലയ്ക്കുന്നു. ഇന്നലെ ജന്തര്‍ മന്തറില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങള്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ഹസാരെയുടെ നിശിതവിമര്‍ശനത്തിന് ഇരയായ കൃഷിമന്ത്രി ശരദ്പവാര്‍ അഴിമതിവിരുദ്ധ ബില്‍ പരിശോധിക്കുന്ന മന്ത്രിസഭാ സമിതിയില്‍നിന്നു രാജി പ്രഖ്യാപിച്ചു. അതുകൊണ്ടായില്ലെന്നും പവാര്‍ മന്ത്രിസ്ഥാനം ഒഴിയുകയാണു വേണ്ടതെന്നുമാണ് ഹസാരെ പ്രതികരിച്ചത്.
നിരാഹാരം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന തള്ളി ഹസാരെയുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വന്നതോടെ പ്രധാന മന്ത്രി ഇന്നലെ മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളുമായി പ്രശ്നം ചര്‍ച്ച ചെയ്തു. എന്നാല്‍ സമരം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ച ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാലയെയും ഭാരതീയ ജനശക്തി നേതാവ് ഉമാഭാരതിയെയും അനുയായികള്‍ വേദിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഗാന്ധിയന്‍ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഹസാരെയെ അനുനയിപ്പിക്കാന്‍ മന്ത്രിസഭയിലെ പ്രമുഖരെ നിയോഗിക്കാനും ആലോചനയുണ്ട്.