ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി എ. രാജയെ മന്ത്രി സ്ഥാനത്ത് അവരോധിക്കാനുള്ള നീക്കത്തില്‍ പല പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അഴിമതി കഥകള്‍ പ്രസിദ്ധപ്പെടുത്തിയ പല മാധ്യമങ്ങളും വെട്ടിലായി. അധികാരത്തിന്റെ കൊത്തളങ്ങളില്‍ പ്രബലയായ കൊര്‍പ്പോറേറ്റ് ഇടനിലക്കാരി നീര റാഡിയ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഔട്ട്ലുക്ക്, ഓപ്പണ്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പുറത്തു കൊണ്ട് വന്നത്.
എന്‍. ഡി. ടി. വി. യുടെ ഗ്രൂപ്പ് എഡിറ്റര്‍ ബര്ഖ ദത്ത്, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും, ഏറെ ജനപ്രീതിയുള്ള കോളമിസ്റ്റും ആയ വീര്‍ സാംഗ്വി എന്നിവരുമായി എ. രാജയ്ക്ക് ടെലികോം വകുപ്പ് ലഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ നീര റാഡിയ ചരടു വലികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഔട്ട്ലുക്ക് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
എന്നാല്‍ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളുമായി ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന തന്നോട് ഡി.എം.കെ. യ്ക്ക് വേണ്ടി ചില കൂടിക്കാഴ്ചകള്‍ നടത്തുന്നത് സംബന്ധിച്ച അഭിപ്രായം ആരായാന്‍ നീര റാഡിയ നടത്തിയ സംഭാഷണങ്ങളില്‍ അസ്വാഭാവികമായി യാതൊന്നുമില്ല എന്ന് വീര്‍ സാംഗ്വി തന്റെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്ക് അപ്പുറത്ത് ഈ സംഭാഷണങ്ങള്‍ക്ക് മറ്റു അര്‍ത്ഥങ്ങള്‍ ഒന്നും നല്‍കേണ്ട കാര്യമില്ലെന്ന് എന്‍. ഡി. ടി. വി. യും തങ്ങളുടെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക് ചെയ്‌താല്‍ വായിക്കാം.
എന്നാല്‍ തങ്ങളുടെ മാധ്യമ സുഹൃത്തുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമാറ് റാഡിയാ ടേപ്പുകളെ കുറിച്ചുള്ള വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാഞ്ഞത് മാധ്യമ രംഗത്തെ അഴിമതിയുടെ കറുത്ത ചിത്രമാണ് വെളിച്ചത്ത് കൊണ്ടു വന്നത് എന്ന ആരോപണം ശക്തമാണ്.
കൊര്‍പ്പോറേറ്റ് ഭീമന്മാരായ മുകേഷ് അംബാനിയുടെയും ടാറ്റയുടെയും പബ്ലിക്ക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് നീര റാഡിയയുടേതാണ്.
ഈ ടേപ്പുകളില്‍ ഒന്നും തന്നെ ആരോപണ വിധേയരായ മാധ്യമ പ്രവര്‍ത്തകര്‍ എന്തെങ്കിലും പ്രതിഫലം പറ്റുന്നതായി സൂചനയില്ല. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയമായ സംഭവ വികാസങ്ങള്‍ അറിയുവാന്‍ പത്ര പ്രവര്‍ത്തകര്‍ കൊര്‍പ്പോറേറ്റ് വൃത്തങ്ങളെയാണോ ആശ്രയിക്കുന്നത്? പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കിയാണോ ഇവര്‍ വാര്‍ത്ത ശേഖരിക്കുന്നത്? കൊര്‍പ്പോറേറ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് വാര്‍ത്ത വില്‍ക്കുന്നതിനേക്കാള്‍ വലിയ വിപത്ത് തന്നെയല്ലേ? ഇന്ത്യന്‍ റിപ്പബ്ലിക്ക് വില്‍പ്പനയ്ക്ക് എന്ന് ഔട്ട്ലുക്ക് പറഞ്ഞത് ഇവിടെ അന്വര്‍ത്ഥമാകുകയല്ലേ?