ന്യൂയോര്‍ക്ക് : 1984ല്‍ സിക്ക് ജനതയ്ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന് ഇന്ത്യയിലെ കോണ്ഗ്രസ് പാര്‍ട്ടിക്ക് എതിരെ അമേരിക്കന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ ഏകപക്ഷീയമായി വിധി കല്പ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജിക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ മാര്‍ച്ച് 15ന് കോടതി വാദം കേള്‍ക്കും.
1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്ഗ്രസ് പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിക്ക് വംശജര്‍ക്ക് എതിരെ നടന്ന സായുധ കലാപത്തില്‍ മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ജഗദീഷ് ടൈറ്റ്ലര്‍, എച്ച്. കെ. എല്‍. ഭഗത് എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി വാടകയ്ക്കെടുത്ത കൊലയാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ് സിക്കുകാരെ ആക്രമിക്കുവാനും കൊള്ള ചെയ്യാനുമുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതായി അന്നത്തെ ട്രിബ്യൂണ്‍ പത്രം വെളിപ്പെടുത്തി. മൂന്നു ദിവസത്തേക്ക് ഡല്‍ഹിയിലെ പല ജയിലുകളും, സബ് ജയിലുകളും, പോലീസ് ലോക്കപ്പുകളും തുറന്നു കിടന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്നും ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെ “സിക്കുകാരെ ഒരു പാഠം പഠിപ്പിക്കണം” എന്ന നിര്‍ദ്ദേശവുമായി വേണ്ടതെല്ലാം നല്‍കി തെരുവിലേക്ക് ഇറക്കി വിട്ടു. ഇവരുടെ ആക്രമണത്തെ ചെറുത്ത സിക്കുകാരെ മാസങ്ങളോളം കോടതി നടപടികളുമായി നട്ടം തിരിപ്പിക്കാനും അന്ന് ഭരണത്തില്‍ ഇരുന്ന കോണ്ഗ്രസ് പാര്‍ട്ടിക്കൊപ്പം ഡല്‍ഹി പോലീസ് ഉത്സാഹിച്ചതായി ട്രൈബ്യൂണ്‍ വ്യക്തമാക്കി.
കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ അമേരിക്കയില്‍ സിക്ക് വംശജരുടെ സംഘടനയായ സിക്ക്സ് ഫോര്‍ ജസ്റ്റിസ് ആണ് ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്ഷം മാര്‍ച്ച് 1ന് വിശദീകരണം നല്‍കാന്‍ കോടതി കോണ്ഗ്രസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോണ്ഗ്രസ് കോടതിയെ അറിയിച്ചത്. നിരവധി തവണ സമയം നീട്ടികൊടുത്തിട്ടും ഇന്ന് വരെ വിശദീകരണം നല്‍കാന്‍ കോണ്ഗ്രസിന് കഴിയാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കണം എന്നാണ് ഇപ്പോള്‍ ഹരജിക്കാരുടെ ആവശ്യം.
സിക്ക് കലാപം അന്വേഷിച്ച ജസ്റ്റിസ് ജി. ടി. നാനാവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെടും എന്ന് സിക്ക് സംഘടനയുടെ അഭിഭാഷകര്‍ അറിയിച്ചു.