ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോള്‍ പശ്ചിമ ബംഗാളില്‍ പോരാട്ടം കനക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതൃത്വവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. മോദി – അമിത് ഷാ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനം മമത അഴിച്ചുവിടുമ്പോള്‍ ബംഗാളില്‍ ജനാധിപത്യത്തെ കൊല്ലുകയാണെന്ന പ്രചരണവുമായാണ് ബിജെപിയുടെ തിരിച്ചടി.
അവസാന ഘട്ടത്തില്‍ 9 മണ്ഡലങ്ങളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് മമതയും ബിജെപിയും ഏറ്റുമുട്ടുന്നത്. ബംഗാളില്‍ വലിയ ശക്തിയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ബിജെപി നയം മാറ്റുകയാണ്. ഇപ്പോള്‍ ബംഗാളില്‍ നിന്ന് മമതയക്കെതിരായ പ്രതിഷേധം ദില്ലിയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ബിജെപി.
മമതയുടെ ഗുണ്ടായിസത്തിനെതിരായ പ്രതിഷേധം എന്ന നിലയില്‍ ജന്തര്‍മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാരാണ് അണിനിരന്നത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചുണ്ടില്‍ വിരല്‍ വച്ച് ‘ ഇവിടെ മിണ്ടിക്കൂട’ എന്ന നിലയിലായിരുന്നു പ്രതിഷേധം. ബംഗാളിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുകളുമായാണ് കേന്ദ്രമന്ത്രിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.