ബാംഗളൂർ: നമോ ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന ഒരു സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജ്ഞാനപീഠ ജേതാവും മഹാത്മാ ഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ യു. ആർ. അനന്തമൂർത്തിയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. നരേന്ദ്ര മോഡി പ്രധാന മന്ത്രി ആവുന്ന നാട്ടിൽ താൻ ജീവിക്കില്ല എന്നുള്ള അനന്തമൂർത്തിയുടെ പ്രസ്താവന മോഡിയുടെ അനുനായികളെ ഏറെ ചൊടിപ്പിച്ചിരുന്നു. മോഡി പ്രധാന മന്ത്രി ആയതിനെ തുടർന്ന് അനന്തമൂർത്തിക്ക് “നമോ ബ്രിഗേഡ്” എന്ന് അറിയപ്പെടുന്ന മോഡി അനുയായികളുടെ സംഘം പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകി. അനന്തമൂർത്തിയുടെ യാത്രാ ചിലവ് മുഴുവൻ തങ്ങൾ വഹിക്കും എന്നും ഇവർ അറിയിച്ചിരുന്നു.
എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാരാണ് അനന്തമൂർത്തിക്ക് ഇപ്പോൾ പ്രത്യേക പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.