ന്യൂഡല്‍ഹി: കൃത്യതയിലും സമീപനത്തിലും രാജ്യത്തിന്റെ ജനാധിപത്യ മഹിമ ഉയർത്തിപ്പിടിച്ച പാര്‍ലമെന്ററി തെരഞ്ഞെടുപ്പിൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര് വോട്ടു ചെയ്തത് ഇത്തവണ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒമ്പത് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് തിരശ്ശീല വീണപ്പോൾ 66.38 ശതമാനമാണ് ഇതു വരെയുള്ള വോട്ടിങ് ശതമാനം.
41 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് വൈകിട്ട് ആറു മണി വരെയുള്ള കണക്കാണിത്. ശതമാനം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. ഇതിനു മുമ്പ് രാജ്യത്ത് ഏറ്റവും മികച്ച പോളിങ് നടന്നത് 1984 ലാണ്. ഇന്ദിരാ ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64.01 ശതമാനം പേരാണ് വോട്ടു ചെയ്തത്. 2009-ല്‍ 58.19 ശതമാനവും 2004 ല്‍ 58.19 ശതമാനവും ആയിരുന്നു പോളിങ്. 2009ലെ വോട്ടർമാരേക്കാൾ 13.40 കോടി വോട്ടര്‍മാര്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തി.
ചില ചെറിയ അനിഷ്ട സംഭവങ്ങൾ ഒഴിച്ച് നിറുത്തിയാൽ വോട്ടിംഗ് പൊതുവെ സമാധാന പരമായിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിക്കാതെ വയ്യ. രാജ്യത്തെ ഏറ്റവും വിശ്വാസ പൂർണമായ ഒന്നായി കമ്മീഷൻ ഇന്നും നിലനില്ക്കുന്നു എന്നത് ആശാവഹമാണ്.
വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ് ശതമാനം (അവസാന കണക്ക് ഇതിനേക്കാള്‍ അല്പം കൂടും):
കേരളം – 74.02, ലക്ഷദ്വീപ് – 86.79, ആന്ധ്രപ്രദേശ് – 74.25, ഗുജറാത്ത് – 63.41, ജമ്മു – കശ്മീര്‍ – 50.10, കര്‍ണാടക – 67.28, മധ്യപ്രദേശ് – 61.57, മഹാരാഷ്ട്ര – 60.42, തമിഴ്നാട് – 73.68, പുതുച്ചേരി – 82.18, രാജസ്ഥാന് – 63.02, പഞ്ചാബ് – 70.84, ഡല്‍ഹി – 64.98, യു.പി. – 58.63, ബിഹാര്‍ – 56.50, പശ്ചിമ ബംഗാള്‍ – 81.77, ത്രിപുര – 84.32, നാഗാലാന്‍ഡ് – 88.57, മണിപ്പൂര്‍ – 80.14
ഇത്തവണത്തെ തിരഞ്ഞെടുപ്പു നടത്താന്‍ സര്‍ക്കാരിന് ചെലവായത് 3426 കോടി രൂപയാണെന്നും 2009 ല്‍ ഇത് 1483 കോടി രൂപയായിരുന്നെന്നും ഇത്തവണ നൂതനമായ ഒട്ടേറെ നടപടികൾക്ക് തുടക്കമിട്ടതും വിലക്കയറ്റവുമാണ് തിരഞ്ഞെടുപ്പു ചെലവ് കൂടാന്‍ കാരണമായതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പി. കെ. ദാസ് പറഞ്ഞു. രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതീക്ഷയുണ്ടെന്നും യുവത്വം ജനാധിപത്യത്തെ കൃത്യമായി സ്വീകരിച്ചത് ലക്ഷണം ആണെന്നും ഉപതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിനോദ് ജോഷിയും അലോക് ശര്‍മ്മയും പറഞ്ഞു.