ഔറംഗാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേശ് ടെണ്ടുല്‍കറിന് ലഭിച്ച രാജ്യസഭാസീറ്റിനെതിരെ ലോക്പാല്‍ സമര നായകന്‍ അന്നാ ഹസാരെയും രംഗത്ത്. സച്ചിന്‍ പരമോന്നത പൗരബഹുമതിയായ ,ഭാരത് രത്ന അര്‍ഹിക്കുന്നുവെന്നും എന്നാല്‍ രാജ്യ സഭയിലേക്ക് അദ്ദേഹത്തെ അയക്കേണ്ടതില്ലെന്നുമാണ് ഹസാരെയുടെ അഭിപ്രായം. രാജ്യസഭാ സീറ്റ് പ്രഖ്യാപനം വന്നതിന് ശേഷം സച്ചിന് അനുകൂലമായും പ്രതികൂലമായും വിവിധ തലങ്ങളില്‍ നിന്ന് വാദങ്ങളുയരുന്നുണ്ട്.സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത വാര്‍ത്ത കേട്ടപ്പോള്‍ അമ്പരന്നു പോയതായി 73 കാരനായ ഹസാരെ പറഞ്ഞു. ‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തുകൊണ്ട് സച്ചിന് ,ഭാരത് രത്ന സമ്മാനിക്കുന്നില്ല. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നതിന്റെ ആവശ്യകത എനിക്ക് മനസ്സിലാവുന്നില്ല’. ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാലിന് വേണ്ടി അഞ്ചാഴ്ച നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍ നടത്താന്‍ മഹാരാഷ്ട്രയില്‍ എത്തിയ അന്നാ ഹസാരെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.