ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി അധികൃതര്‍. സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മദനിയെ കാര്‍ഡിയോളജി വിദഗ്ദര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവിധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇനിയും കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തും. പരിശോധനാഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ അദ്ദേഹത്തെ സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും.
ഭാര്യ സൂഫിയാ മദനിയും മകന്‍ ഉമര്‍ മുഖ്‌താറും മഅദനിയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൌകര്യം ആശുപത്രിയില്‍ നിന്നും തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ഫോടനക്കേസ് പ്രതിയായതിനാല്‍ മദനിയ്ക്ക് കനത്ത പോലീസ് കാവലുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസ് മഅദനിയെ അറസ്റ്റു ചെയ്തത്. കേസിന്റെ വിചാരണ കര്‍ണ്ണാടകയിലെ കോടതിയില്‍ നടന്നു വരികയാണ്.