ന്യൂഡല്‍ഹി : കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെ ചെകിട്ടത്തടിച്ച കേസില്‍ ഹര്‍വീന്ദര്‍ സിങ്ങിനെ കോടതി റിമാന്റ് ചെയ്തു. പാട്യാല ഹൌസ് മെട്രോപോളിറ്റന്‍ കോടതിയാണ് ഹര്‍വീന്ദറിനെ റിമാന്റ് ചെയ്തു പതിനാലു ദിവസത്തേക്ക് തിഹാര്‍ ജയിലിലേക്ക് അയച്ചത്. പൊതു പ്രവര്‍ത്തകനെ ആക്രമിക്കുന്നതടക്കം വിവിധ കുറ്റങ്ങളാണ് ഹര്‍വീന്ദറിനു മേല്‍ ചാര്‍ത്തിയിട്ടുള്ളത്. കോടതിയില്‍ വച്ച് ഹര്‍വീന്ദര്‍ സ്വാതന്ത്ര സമരത്തിനിടയില്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ഭഗത് സിങ്ങ്, രാജ് ഗുരു തുടങ്ങിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി.
കോടതിയില്‍ നിന്നും പുറത്തു കൊണ്ടു വരുമ്പോള്‍ ഹര്‍വീന്ദറിനെ ആക്രമിക്കുവാന്‍ ശ്രമിച്ച എന്‍. സി. പി. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇത് കോടതി പരിസരത്ത് സംഘര്‍ഷത്തിന് ഇടയാക്കി. രാഷ്ടീയ നേതൃത്വങ്ങള്‍ ശരത് പവാറിനു നേരെ ഉണ്ടായ അക്രമത്തെ അപലപിക്കുമ്പോളും ഹര്‍വീന്ദര്‍ നടത്തിയ പ്രതിഷേധത്തിനു അനുകൂലമായ പ്രതികരണമാണ് കേന്ദ്ര ഗവണ്മെന്റിന്റെ വികലമായ നയങ്ങളുടെ ഫലമായി ജീവിതം ദുസ്സഹമായ കര്‍ഷകരും സാധാരണക്കാരും ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും ഉയരുന്നത്. ടെലികോം ഉള്‍പ്പെടെ വിവിധ അഴിമതി ക്കേസുകളില്‍ കുറ്റാരോപിതരായ രണ്ടു നേതാക്കന്മാര്‍ക്ക് നേരെയും നേരത്തെ ഹര്‍വീന്ദര്‍ കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചിരുന്നു.