തിരുവനന്തപുരം: ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ വർഷങ്ങളുടെ കഠിന പ്രയത്നത്തേക്കാൾ ഇന്ത്യയുടെ ചൊവ്വാ ദൌത്യത്തിന് സഹായകരമാവുക വിഘ്നങ്ങളെ നീക്കം ചെയ്യുവാനുള്ള ദൈവീക കൃപയാവും. നമ്പി നാരായണൻ അടക്കമുള്ള ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഇന്ത്യയുടെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിൽ കടക്കുന്ന സെപ്റ്റംബർ 24ന് രാവിലെ തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ അർപ്പിക്കുന്നത് വിഘ്നങ്ങൾ ഒന്നും ഇല്ലാതെ മാർസ് ഓർബിറ്റർ ദൌത്യം വിജയം കണ്ടെത്താൻ തന്നെയാണ്. ദേവസ്വം മന്ത്രി വി. എസ്. ശിവകുമാർ കൂടി പങ്കെടുക്കുന്ന പ്രത്യേക പൂജ സംഘടിപ്പിക്കുന്നത് ഫ്രൻഡ്സ് ഓഫ് ട്രിവാൻഡ്രം എന്ന സംഘടനയാണ്. നാളികേരം, താമര, കരിമ്പ്, ഉണ്ണിയപ്പം എന്നിവ നൈവേദ്യമായി അർപ്പിക്കും. മംഗൾയാൻ സുരക്ഷിതമായി ചൊവ്വയുടെ ഭ്രമണ പഥത്തിൽ കടന്നാൽ പൂജയിൽ സംബന്ധിക്കുന്നവർക്കും സമീപ വാസികൾക്കും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്യും.