- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം
റായ്പൂര്‍: ആര്‍. എസ്. എസിന്റെ മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ (81) അന്തരിച്ചു. ഇന്നു രാവിലെ 6.30 നു റായ്പൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് മൂന്നു മണിയോടെ നാഗ്‌പൂരില്‍ നടക്കും. 2000 മുതല്‍ 2009 വരെ ആര്‍. എസ്. എസിന്റെ അഞ്ചാമത്തെ സര്‍ സംഘ ചാലക് ആയിരുന്നു സുദര്‍ശൻ. കര്‍ണ്ണാടകയിലെ കുപ്പള്ളി ഗ്രാമത്തില്‍ 1931 ജൂണ്‍ 18 നാണ് സുദര്‍ശന്റെ ജനനം. കന്നഡ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കുപ്പള്ളി സീതാരാമയ്യ സുദര്‍ശന്‍ എന്ന കെ. എസ്. സുദര്‍ശന്‍ വളരെ ചെറു പ്രായത്തില്‍ തന്നെ സ്വയം സേവകനായി ചേര്‍ന്നു. ആറു ദശാബ്ദത്തോളം ആര്‍. എസ്. എസിന്റെ പ്രചാരകനായി ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തിച്ചു. സാഗര്‍ സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം എടുത്ത ശേഷം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി.
1954-ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. സുദര്‍ശന്റെ സംഘടനാ പാടവം തിരിച്ചറിഞ്ഞ എം. എസ്. ഗോള്‍വര്‍ക്കര്‍ അദ്ദേഹത്തിനു വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി. കന്നഡ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, മറാഠി, ചത്തീസ് ഗാര്‍ഹി തുടങ്ങി വിവിധ ഭാഷകളില്‍ ഉണ്ടായിരുന്ന സ്വാധീനവും പ്രഭാഷണങ്ങളില്‍ ഉള്ള വൈഭവവും അദ്ദേഹത്തെ വളരെ വേഗം പ്രവര്‍ത്തകരിലും ജനങ്ങളിലും പ്രിയപ്പെട്ടവനാക്കി മാറ്റി. 1964-ല്‍ സുദര്‍ശന്‍ ആര്‍. എസ്. എസിന്റെ മധ്യ ഭാരത പ്രാന്ത പ്രചാരകനായി മാറി. മികച്ച വാഗ്മിയായിരുന്ന സുദര്‍ശന് വിവിധ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. 1979-ല്‍ ആര്‍. എസ്. എസ്. ബൌദ്ധിഖ് പ്രമുഖ് ആയി. 1990-ല്‍ ആര്‍. എസ്. എസ്. ജോയന്റ് ജനറല്‍ സെക്രട്ടറിയുമായി.
ആര്‍. എസ്. എസിന്റെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതില്‍ എന്നും സുദര്‍ശന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. വിട്ടുവീഴ്ചയില്ലാത്തതും ശക്തമായതുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ നിലപാടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എൻ. ഡി. എ. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും 2005-ല്‍ അദ്വാനിയും വാജ്‌പേയിയും യുവ തലമുറക്ക് വഴി മാറണമെന്ന അഭിപ്രായങ്ങളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രധാന വക്താവായിരുന്നു സുദര്‍ശൻ.
ആരോഗ്യ പരമായ കാരണങ്ങളാല്‍ പദവികള്‍ ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയായിരുന്നു സുദര്‍ശൻ. മറവി രോഗ ബാധിതനായിരുന്ന സുദര്‍ശനെ കഴിഞ്ഞ മാസം മൈസൂരില്‍ വച്ച് പ്രഭാത സവാരിക്കിടെ കാണാതായത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വഴി തെറ്റി ഒരു വീട്ടില്‍ കയറി വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, തീവ്രവാദം
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, തീവ്രവാദം
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, നിയമം