
മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ (25) വധശിക്ഷ നടപ്പിലാക്കി. ഇന്ന് രാവിലെ 7.30 ന് പൂനെയിലെ യേര്‍വാഡ ജയിലില്‍ വച്ച് തൂക്കിലേറ്റുകയായിരുന്നു. ഈ മാസം ആദ്യം കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കുവാനായി ഔദ്യോഗികമായ നടപടികള്‍ വളരെ രഹസ്യമായി നടത്തി. അര്‍തര്‍ റോഡിലെ ജയിലില്‍ നിന്നും രണ്ടു ദിവസം മുന്‍പെ കസബിനെ അതീവ രഹസ്യമായി യേര്‍വാഡയിലെ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ജയില്‍ ഉദ്യോഗസ്ഥരാണ് അജ്‌മലിനെ തൂക്കിലേറ്റിയത്. അജ്‌മലിന്റെ മൃതദേഹം ഏറ്റുവാങ്ങുവാന്‍ ആരും ഇല്ലാത്തതിനാല്‍ ജയില്‍ വളപ്പില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകങ്ങള്‍ തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്. 2008 നവംബര്‍ 26 നാണ് പത്തംഗ ഭീകര സംഘം മുബൈയില്‍ ആക്രമണം അഴിച്ചു വിട്ടത്. സി. എസ്. ടി. റെയില്‍വേ സ്റ്റേഷന്‍ , ടാജ് ഹോട്ടല്‍, ഒബറോയ് ട്രൈഡന്റ്, നരിമാന്‍ ഹൌസ്, കൊളാബയിലെ ലിയോ പോള്‍ഡ് കഫേ, കാമാ ആശുപത്രി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കസബ് ഉള്‍പ്പെടെ ഉള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു.
മഹാരാഷ്ട്ര ഭീകര വിരുദ്ധ വിഭാഗം (എ. ടി. എസ്.) തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെ, രാജ്യത്തെ മികച്ച ഏറ്റുമുട്ടല്‍ വിദഗ്ദരില്‍ ഒരാളായിരുന വിജയ് സലസ്കര്‍ തുടങ്ങിയവര്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ താജ് ഹോട്ടലില്‍ ഭീകരരുമായി രണ്ടു ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ എ. എസ്. ജി. കമാന്റോയും മലയാളിയുമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കി. ഏറ്റുമുട്ടലില്‍ ഒമ്പത് പാക്കിസ്ഥാനി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
കൊടും ഭീകരനായ അജ്‌മല്‍ കസബിന്റെ വധശിക്ഷയില്‍ ഇളവു വരുത്തണം എന്ന് ചില കേന്ദ്രങ്ങളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ കസബിനെ തൂക്കിക്കൊന്ന ഇന്ത്യൻ സർക്കാർ എന്തു കൊണ്ട് നരേന്ദ്ര മോഡിയെ തൂക്കികൊല്ലുന്നില്ല എന്ന ചോദ്യങ്ങളും വൻ ചർച്ചകൾക്ക് കാരണമായി.
കസബിന്റെ വധശിക്ഷ നടപ്പിലാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണം നടന്ന മുബൈ പാക്കിസ്ഥാന്റെ അതിര്‍ത്തി പങ്കിടുന്ന കാശ്മീരിര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തു സാഹചര്യം ഉണ്ടായാലും അത് നേരിടുവാന്‍ ഉള്ള നിര്‍ദ്ദേശം സൈന്യത്തിനും നല്‍കിയിട്ടുണ്ട്.






ന്യൂദല്‍ഹി : 2010ല്‍ ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയ ത്തില്‍ നടന്ന സ്ഫോടന ത്തിലെയും ദല്‍ഹി ജുമാ മസ്ജിദ് വെടിവെപ്പിലെയും സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന യിലെ അംഗമായിരുന്ന ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു.

























