ശ്രീനഗര്‍ : അക്രമം ആളിപ്പടരുന്ന കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളില്‍ 7 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ക്രമ സമാധാന നില താറുമാറായ ഇവിടെ ജനക്കൂട്ടം പോലീസ് സ്റ്റേഷനുകളും വാഹനങ്ങളും നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയാണ്.
ദക്ഷിണ കാശ്മീരിലെ പുല്‍വാമാ ജില്ലയിലെ ഖ്രൂ പോലീസ് സ്റ്റേഷന്‍ ഞായറാഴ്ച ആക്രമിച്ച ജനക്കൂട്ടം. സ്റ്റേഷന്റെ ഉള്ളില്‍ ഇരച്ചു കയറുകയും സ്റ്റേഷന് തീ ഇടുകയും ചെയ്തു. സ്റ്റേഷന്റെ അകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ തീ പിടിച്ചു പൊട്ടി തെറിച്ചാണ് പോലീസ് സ്റ്റേഷനില്‍ സ്ഫോടനം നടന്നത് എന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ് നടത്തിയ വെടി വെപ്പില്‍ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും 3 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇതേ ജില്ലയിലെ തന്നെ പാമ്പോര്‍ പോലീസ് സ്റ്റേഷനും ജനക്കൂട്ടം ആക്രമിക്കുകയുണ്ടായി. ഈ ആക്രമണത്തിലും രണ്ടു പേര്‍ കൊല്ലപ്പെട്ടു.
അനന്ത്‌നാഗ്, ലസ്ജാന്‍, സീവാന്‍, നിഷാത്, ഷാ മോഹല്ല പരിമ്പൊറ, നൌഹട്ട, റായ്നാവരി, ഖന്യാര്‍, ബാരാമുള്ള, സോപോര്‍, നായ്ട്ഖായ്, ഗാന്ടെര്‍ബാല്‍, ഗലന്തര്‍, ഫ്രൈസ്തബാല്‍, ബര്സൂ, കാട്ലാബാല്‍, ഖന്നാബാല്‍, പിന്ഗ്ലാന, സിരിഗുഫ്‌വാര എന്നിവിടങ്ങളിലെല്ലാം അക്രമം തുടരുകയാണ്.
ഇതിനിടെ കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി ഒരു മാസത്തിനകം രണ്ടാമതും യോഗം ചേര്‍ന്ന് താഴ്വരയിലെ സുരക്ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി.