മുംബൈ: മുബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയില്‍ നടത്തിവന്ന മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഉള്ളവരുടെ ഇടപെടലിനൊപ്പം ആശുപത്രി അധികൃതരുമായി പി.ടി തോമസ് എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തു തീര്‍പ്പായത്. സഹപ്രവര്‍ത്തകയായ മലയാളി നഴ്സിന്റെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു സമരം ആരംഭിച്ചത്. മൂന്നുദിവസമായി സമരം നടത്തിവരുന്ന നഴ്സുമാര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുകയുണ്ടായി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒത്തു തീര്‍പ്പിനു ശേഷം ആസ്പത്രിയില്‍ നിന്നും നൂറ്റിത്തൊണ്ണൂറോളം നേഴ്സുമാര്‍ രാജിവെച്ച് പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 50,000 രൂപ നല്‍കിയാല്‍ മാത്രമേ രാജിവെക്കുന്ന നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ വിട്ടു നല്‍കൂ എന്ന മാനേജ്മെന്റിനെ തീരുമാനം ചര്‍ച്ചകളെ തുടര്‍ന്ന് പിന്‍വലിച്ചു. സര്‍ട്ടിഫിക്കേറ്റുകള്‍ നിരുപാധികം തിരിച്ചു നല്‍കുന്നതോടൊപ്പം രണ്ടു വര്‍ഷത്തോളം ജോലി ചെയ്തവര്‍ക്ക് ആസ്പത്രി നഴ്സിങ്ങ് സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കേറ്റും നല്‍കും.