റാഞ്ചി : ഗോത്രവര്‍ഗ ഭൂമിയില്‍ കല്‍ക്കരി ഖനനം നടത്തുന്ന സ്വകാര്യ ഖനന സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച മലയാളിയായ കന്യാസ്ത്രീയെ ഒരു സംഘ ആളുകള്‍ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി എന്ന കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ വല്‍സാ ജോണ്‍ (52) ആണ് ഖനന മാഫിയയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ഇവരെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.
പാകൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഖനിയായ പാനെം കല്‍ക്കരി ഖനിയ്ക്കെതിരെയാണ് വല്‍സ പ്രതിഷേധിച്ചത്. ഈ ഖനിയുടെ ആവശ്യത്തിനായി ഇവിടത്തെ സന്താള്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒട്ടേറെ ഭൂമി ഇവര്‍ കയ്യേറുകയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ പ്രതിഷേധിച്ച തനിക്കെതിരെ വധ ഭീഷണി ഉള്ളതായി വല്‍സ നേരത്തെ തങ്ങളോട് പറഞ്ഞിരുന്നതായി വല്സയുടെ സഹോദരന്‍ അറിയിച്ചു. എറണാകുളം കാക്കനാട് സ്വദേശിയാണ് വല്‍സ ജോണ്‍. കഴിഞ്ഞ 24 വര്‍ഷമായി ഇവര്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി എന്ന സഭയില്‍ അംഗമാണ്.
വധ ഭീഷണി ഉള്ളതായി മൂന്നു വര്ഷം മുന്‍പ് വല്‍സ പോലീസിലും പരാതിപ്പെട്ടിരുന്നു എന്ന് പോലീസ് സൂപ്രണ്ട് വെളിപ്പെടുത്തി. സംഭവം തങ്ങള്‍ അന്വേഷിച്ചു വരികയാണ്.
വല്‍സ പാകൂര്‍ ജില്ലയിലെ ഗോത്ര വര്‍ഗ്ഗക്കാരെ ചൂഷണം ചെയ്യുന്ന ഖനികള്‍ക്ക് എതിരെ വല്‍സാ ജോണ്‍ പ്രതിഷേധിച്ചു വന്നിരുന്നു എന്ന് കത്തോലിക്കാ സഭയുടെ വക്താവ് ഫാദര്‍ ബാബു ജോസഫ് പറഞ്ഞു. കന്യാസ്ത്രീയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.