തൃശ്ശൂര്‍: ക്ഷേത്രകവര്‍ച്ച ഉള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസുകളില്‍ ജാമ്യമെടുത്ത് മുങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. തൃശ്ശൂര്‍ മരത്താക്കര പുഴമ്പള്ളം തണ്ടാശ്ശേരി അനില്‍, തൃശ്ശൂര്‍ കല്ലൂര്‍ തണ്ടിയേക്കല്‍ ജയതിലകന്‍ എന്നിവരാണ് 16 വര്‍ഷത്തിനു ശേഷം പോലീസിന്റെ വലയിലായത്. ക്രൈം ബ്രാഞ്ച് എസ്. പി പി. എന്‍. ഉണ്ണിരാജയും സംഘവുമാണ് ഇരുവരേയും പിടികൂടിയത്. മംഗലാപുരത്തു നിന്നും മുന്നൂറിലധികം കിലോമീറ്റര്‍ ഉള്ളിലുള്ള ഒരു കുഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. തൃശ്ശൂര്‍ മാര്‍ത്തമറിയം പള്ളി, ഊരകം അമ്മതിരുവടി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും കവര്‍ച്ച നടത്തിയിരുന്നു. ഊരകത്തമ്മ ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തിലെ സ്വര്‍ണ്ണ ഗോളകയും ആടയാഭരണങ്ങളും, സ്വര്‍ണ്ണ കിണ്ടി, സ്വര്‍ണ്ണം കെട്ടിയ വലമ്പിരി ശംഘ് തുടങ്ങിയവയും മോഷ്ടിച്ചത് 1996 മാര്‍ച്ച് 27നായിരുന്നു. തുടര്‍ന്ന് ഒരുമാസത്തെ ഇടവേളയില്‍ മാര്‍ത്തമറിയം പള്ളിയില്‍ നിന്നും സ്വര്‍ണ്ണ കുരിശും കാസയും പിലസായുമടക്കം ആറുകിലോയില്‍ അധികം വരുന്ന സ്വര്‍ണ്ണ ഉരുപ്പിടികള്‍ മോഷ്ടിച്ചു. അന്ന് തൃശ്ശൂര്‍ എസ്. പിയായിരുന്ന ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടി. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിലെ മോഷ്ണക്കേസ് അന്വേഷിക്കുന്ന പി. എന്‍. ഉണ്ണിരാജയും സംഘവും ക്ഷേത്ര മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട മുന്‍ കുറ്റവാളികളെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്