തൃശൂര്‍ : തീവ്രവാദക്കേസിലെ പ്രതികളായ തടിയന്‍റവിട നസീറിനെയും സംഘത്തെയും താമസിപ്പിച്ചിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ബി. ബ്ലോക്കിലെ സെല്ലില്‍നിന്ന് ക്യാമറയുള്ള മൊബൈല്‍ ഫോണും സിം കാര്‍ഡും ബാറ്ററിയും കണ്ടെത്തി. കുളിമുറിയുടെ തറയിലെ ടൈല്‍ ഇളക്കിമാറ്റി അറയുണ്ടാക്കി അതിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, കോടതിയുടെ അനുമതി ലഭിച്ചശേഷമേ കേസെടുക്കാന്‍ കഴിയൂ എന്നറിയുന്നു. ഇവരെ ഈ മാസം 18ന് പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. ഇവര്‍ പോയതിനു ശേഷം കഴിഞ്ഞദിവസം സെല്ലില്‍ പരിശോധന നടത്തിയപ്പോഴാണ് തറയില്‍ പാകിയ ഒരു ടൈല്‍ ഇളകിയതായി കണ്ടത്. അത് എടുത്തു മാറ്റിയപ്പോള്‍ ചെറിയ അറയില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. സിം കാര്‍ഡ് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. സുരേഷ് എന്ന തടവുകാരനെതിരെ ജയില്‍ അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി