കൊച്ചി: ഫ്ലാറ്റുകളും മറ്റും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ പാര്‍ഥസാരഥി റിയല്‍ എസ്റ്റേറ്റ് ആന്റ് പ്രോപര്‍ട്ടീസ് ഉടമ ഗിരീഷ് കുമാറിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇരുനൂറ്റമ്പതോളം നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടതായാണ് സൂചന. ഫ്ലാറ്റ് തട്ടിപ്പു നടത്തി കോടികളുമായി മുങ്ങുകയും പിന്നീട് പോലീസ് പിടിയിലാകുകയും ചെയ്ത ആപ്പിള്‍ പ്രോപ്പര്‍ട്ടീസിലെ ജീവനക്കാരനായിരുന്നു ഗിരീഷ് കുമാര്‍. ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഗിരീഷ് കുമാര്‍ പാര്‍ഥസാരഥി പ്രോപ്പര്‍ട്ടീസ് ആരംഭിച്ചത്. ഏഴു പദ്ധതികള്‍ ഇയാള്‍ അനൌണ്‍സ് ചെയ്യുകയും നിക്ഷേപകരില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒന്നൊഴികെ മറ്റു പദ്ധതികളൊന്നും പൂര്‍ത്തിയാക്കിയില്ല. പൂര്‍ത്തിയായ പദ്ധതിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു.
വിദേശമലയാളികളാണ് ഇയാളുടെ തട്ടിപ്പിനിരയായവരില്‍ അധികവും. വേണ്ടത്ര ആലോചിക്കാതെയും വിശദമായ പഠനങ്ങള്‍ക്ക് മിനക്കെടാതെയും നിക്ഷേപത്തിനൊരുങ്ങുന്ന വിദേശ മലയാളികളെ കബളിപ്പിക്കുവാന്‍ എളുപ്പമാണെന്നാണ് ഇത്തരം തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് സൌകര്യമാകുന്നത്. ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രൂപയുടെ വില്ലയും ഫ്ലാറ്റും വന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ അമ്പതും അറുപതും ലക്ഷത്തിനു അനായാസം വില്‍ക്കുവാന്‍ ഇത്തരം തട്ടിപ്പുകാക്ക് നിഷ്പ്രയാസം സാധിക്കും.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്