തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കഴുത്തു ഞെരിച്ചു കൊലചെയ്ത കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ് കുമാര്‍ (27) അറസ്റ്റിലായി. കന്യാകുളങ്ങര ജി. എച്ച്. എസ്. എസ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആര്യ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്. പീഢന ശ്രമത്തിനിടെ ചെറുത്തുനിന്ന ആര്യയെ കഴുത്തില്‍ തോര്‍ത്തു ചുറ്റി മുറുക്കിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ ആര്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് മകള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പ്രതി രാജേഷ്‌കുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ആര്യയുടെ വീടിന്റെ സമീപത്ത് വച്ച് കേടായി. രാജേഷ് ആര്യയുടെ വീട്ടില്‍ കയറി സ്കൂഡൈവര്‍ വാങ്ങി ഓട്ടോ ശരിയാക്കി. ഈ സമയത്ത് ആര്യയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി ആര്യയെ പീഢിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ചെറുത്തുനില്‍ക്കുവാനും നിലവിളിക്കുവാനും ശ്രമിച്ച ആര്യയെ രാജേഷ് തോര്‍ത്ത്മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാല അപഹരിച്ച് പ്രതി രക്ഷപ്പെട്ടു. പിന്നീട് ഈ മാല ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു.
അന്വേഷണം ആരംഭിച്ച പോലീസ് സംഘം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ആര്യയുടെ വീടിനടുത്ത് സംഭവ സമയത്ത് ഉണ്ടായിരുന്ന ഓട്ടോയെ കുറിച്ചുള്ള സൂചനകളും രേഖാചിത്രവും വച്ച് ഷാഡോ പോലീസിന്റെ കൂടെ സഹായത്താല്‍ പ്രതിയെന്ന് സംശയിക്കുന്നവരെ ചുറ്റിപറ്റി അന്വേഷണം നീങ്ങി. ഓട്ടോയുടെ മുമ്പില്‍ രാജമ്മ എന്ന് എഴുതിയിരുന്നു. കൂടാതെ പുറകില്‍ ഉണ്ണിയേശുവിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതനുസരിച്ച് ഓട്ടോറിക്ഷാ സ്റ്റാന്റുകളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ മൊബൈല്‍ ഫോണുകളെ കുറിച്ചും അന്വേഷിച്ചു. ഇക്കാര്യത്തില്‍ സൈബര്‍ സെല്ലിന്റേയും സഹായം ലഭിച്ചിരുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ രാജേഷാണ് പ്രതിയെന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പോലീസ് സ്റ്റേഷനു സമീപം തടിച്ചു കൂടി. തെളിവെടുപ്പിനായി പ്രതിയെ ആര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയും പ്രതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ