തിരുവനന്തപുരം: ഈ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ എസ്. ഐ ബിജു സലിമിനു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ്. ബിജു സലിം ഉള്‍പ്പെടെ പ്രതികള്‍ നടത്തിയ ഗൂഢാലോചന രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി.ഔദ്യോഗിക രഹസ്യ രേഖകള്‍ ചോര്‍ത്തല്‍, മതസ്പര്‍ദ്ദയുണ്ടാക്കും വിധം രേഖകളില്‍ കൃത്രിമം കാണിച്ച് പ്രസിദ്ധീകരണത്തിനു നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ബിജു സലിമിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ 14 ദിവസത്തെക്ക് റിമാന്റു ചെയ്ത കോടതി ഈ മാസം 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ ഈ-മെയില്‍ ചോര്‍ത്തിയതായി മാധ്യമം വാരിക പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ച രേഖയിലെ പട്ടികയില്‍ നിന്നും അന്യമതസ്ഥരുടെ പേരുകള്‍ ബോധപൂര്‍വ്വം നീക്കിയിരുന്നതായി ആരോപണമുണ്ട്. ഇതിന്റെ ചുവടു പിടിച്ച് വര്‍ഗ്ഗീയതയുടെ നിറം നിറഞ്ഞു നില്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഹൈടെക് സെല്ലില്‍ നിന്നും ഈ-മെയില്‍ ലിസ്റ്റ് ചോര്‍ത്തിയത് ബിജു സലിം ആണെന്ന് വ്യക്തമായി. രേഖകള്‍ ചോര്‍ത്തിയതോടൊപ്പം ഇയാള്‍ എസ്. പി. ജയമോഹന്‍ ഹൈടെക് സെല്ലിലേക്ക് അയച്ച കത്ത് വ്യജമായി ഉണ്ടാക്കുകയും അതില്‍ എസ്. പിയുടെ കള്ള ഒപ്പിടുകയും ചെയ്തയായി കണ്ടെത്തിയിട്ടുണ്ട്. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തീവ്രവാദി ബന്ധമുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്