തിരുവനന്തപുരം: വിവാദ നാടകങ്ങള്‍ക്ക് ഒടുവില്‍ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയും കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്തു. രാവിലെ പത്തു മണിക്ക് രാജ്‌ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഇരുവര്‍ക്കും സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ഇരുവരും സത്യ പ്രതിജ്‌ഞ ചെയ്തത്. അനൂപ് ആയിരുന്നു ആദ്യം സത്യപ്രതിജ്‌ഞ ചെയ്തത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി. പ്രസിഡ്ണ്ടും എം. എല്‍. എ. യുമായ രമേശ് ചെന്നിത്തലയും പങ്കെടുത്തുവെങ്കിലും കെ. പി. സി. സി. തീരുമാനം ലംഘിച്ച് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വി. ഡി. സതീശൻ, കെ. മുരളീധരൻ, ടി. എൻ. പ്രതാപന്‍ തുടങ്ങി പ്രമുഖരായ പല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരും നേതാക്കന്മാരും ചടങ്ങില്‍ നിന്നും വിട്ടു നിന്നു.
അലിക്ക് മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന നഗര കാര്യവും പ്രവാസി കാര്യവും ലഭിക്കും. അനൂപിന്റെ വകുപ്പിന്റെ കാര്യത്തില്‍ ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ ടി. എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന സിവില്‍ സപ്ലൈസ് വകുപ്പ് തന്നെ തങ്ങള്‍ക്ക് ലഭിക്കണം എന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം