അഗ്നിയുടെ ആകാശപ്പൂരത്തിന്റെ സാമ്പിളിന് വടക്കുംനാഥന്റെ ആകാശം ഇന്ന് വൈകുന്നേരം സാക്ഷിയാകും. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്. ഇന്ന് വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം തിരി കൊളുത്തുന്നതൊടെ ആണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനു തുടക്കമാകുക. കരിമരുന്നില്‍ കരവിരുത് ചേരുമ്പോള്‍ അത് കാണികളുടെ കണ്ണിനും കരളിനും കാതിനും ആവേശം പകരുന്ന അനുഭവമായി മാറും. ഈ വര്‍ണ്ണക്കാഴ്ച കാണുവാന്‍ പതിനായിരങ്ങളാണ് സ്വരാജ് റൌണ്ടിലും പരിസരങ്ങളിലുമായി തടിച്ചു കൂടുക. പൂരത്തിന്റെ വെടിക്കെട്ടിനായി ഒരുക്കിവെച്ചിരിക്കുന്ന വിസ്മയങ്ങളുടെ ഒരു ചെറുപതിപ്പാണ് സാമ്പിള്‍ വെടിക്കെട്ടിലൂടെ വെളിവാകുക. സാമ്പിളില്‍ പ്രദര്‍ശിപ്പിക്കാത്ത ചില സ്പെഷ്യല്‍ ഐറ്റങ്ങള്‍ എന്നും ഇരുവിഭാഗങ്ങളും കരുതിവെച്ചിരിക്കും.
ശബ്ദ നിയന്ത്രണം വന്നതോടെ ഗര്‍ഭം കലക്കിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പല ഇനങ്ങളും പൂരത്തിന്റെ വെടിക്കെട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്നിപ്പോള്‍ വര്‍ണ്ണങ്ങള്‍ക്കാണ് പ്രാധാന്യം. വെണ്ണൂര്‍ രാജന്റെ നേതൃത്വത്തില്‍ സ്കൈ ഫാള്‍ എന്ന ഐറ്റമാണ് പാറമേക്കാവ് ഇത്തവണ സ്പെഷ്യലായി ഇറക്കുന്നത്. കൂടാതെ ഗ്രീന്‍ സ്നേക്ക്, സ്കൈ ഗോള്‍ഡ് തുടങ്ങിയവയും ഉണ്ട്. ഇതിനു മറുപടിയായി തിരുവമ്പാടി സില്‍വര്‍ റെയ്‌നുമായിട്ടാണ് എത്തുക. ശിവകാശിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് തിരുവമ്പാടി വെടിക്കെട്ടിനു മാറ്റുകൂട്ടുന്നത്.
മഴ ഒരു ഭീഷണിയായി മാറുമോ എന്ന ആശങ്ക കാണികള്‍ക്കൊപ്പം ഇരുവിഭാഗത്തിനുമുണ്ട്. ഇന്ന് അവധി ദിവസമായതിനാല്‍ പതിവില്‍ കൂടുതല്‍ കാണികള്‍ സാമ്പിള്‍ വെടിക്കെട്ട് ദര്‍ശിക്കുവാനായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, തൃശ്ശൂര്‍ പൂരം, മതം