മൂന്നാര്‍ വന മേഘലയില്‍ മാട്ടുപെട്ടിയ്ക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ആക്രമിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കാട്ടുകൊമ്പന്‍ ചരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ക്ഷീണിതനായി പുഴയോരത്ത് കാണപ്പെട്ട ആനയെ ചിലര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ആണത്രെ കൊമ്പന്‍ പ്രകോപിതനായത്. തുടര്‍ന്ന് ആന സന്ദര്‍ശകര്‍ക്ക് ഇടയിലേക്ക് പാഞ്ഞു വരികയും അവിടെ ഉണ്ടായിരുന്ന ഇരുപതില്‍ പരം വാഹനങ്ങള്‍ കൊമ്പു കൊണ്ട് കുത്തിയും തുമ്പി കൊണ്ട് അടിച്ചും കേടുപാട് വരുത്തി. വാഹനങ്ങള്‍ തകര്‍ക്കുന്നതിനിടയില്‍ ആനയുടെ തുമ്പിക്കും തലക്കുന്നിക്കും പരിക്കേറ്റു.
സ്ഥലത്ത് ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെടുവാനായി കടകളുടേയും മറ്റു കെട്ടിടങ്ങളുടേയും മറവില്‍ ഒളിച്ചു. ഇതിനിടയില്‍ ചെണ്ടാറില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസ്സ് ആനയുടെ മുന്നില്‍ പെട്ടു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ്സിന്റെ മുന്‍ വശത്തെ ചില്ല് ആന തകര്‍ത്തു എങ്കിലും യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്സിന്റെ വാഹനത്തിന്റെ സൈറന്‍ കേട്ടതോടെ കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. അല്പം കഴിഞ്ഞു വീണ്ടും ആന തിരിച്ചെത്തിയെങ്കിലും വീണ്ടും കൊമ്പനെ വിരട്ടിയോടിച്ചു. പിന്നീട് ആനയെ ചരിഞ്ഞ നിലയില്‍ പുഴക്കരയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാലെ ആനയുടെ മരണകാരണം അറിയാന്‍ കഴിയൂ എന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം