തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനുള്ള സാധ്യതകള്‍ മങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഇനിയും ധാരണയായിട്ടില്ല. എ, ഐ ഗ്രൂപ്പ് പോരും കൂടാതെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു തനിക്കും യോഗ്യതയുണ്ടെന്ന് കെ.എം.മാണിയും, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയും അര്‍ഹരാണെന്നുള്ള മന്ത്രി കെ.സിജോസഫിന്റെ പ്രസ്ഥാവനയും ഉയര്‍ന്നു വന്നതും പ്രത്യക്ഷത്തില്‍ എന്‍.എസ്.എസിന്റെ അപ്രീതിക്ക് കാരണമായതുമെല്ലാം രമേശിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുന്നു.കേരള യാത്ര കഴിഞ്ഞ് ചെന്നിത്തല യു.ഡി.എഫ് മന്ത്രി സഭയില്‍ അംഗമാകും എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സജീവമായ ചര്‍ച്ചകളും നടന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ഒഴിവാക്കി മന്ത്രിസഭയില്‍ എത്തുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പും വേണമെന്ന ചെന്നിത്തല അനുകൂലികളുടെ അവകാശ വാദം ഇതുവരെയും വിജയം കണ്ടില്ല. ചെന്നിത്തലയ്ക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയില്‍ അംഗമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞു എങ്കിലും തന്റെ വിശ്വസ്ഥനായ തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്നും ആഭ്യന്തര മന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടി കൈമാറുമോ എന്ന് കണ്ടറിയുക തന്നെ വേണം. ആഭ്യന്തര മന്ത്രിസ്ഥാനം വിട്ടു നല്‍കുവാന്‍ പറ്റില്ലെന്ന് പറഞ്ഞ് എ ഗ്രൂപ്പുകാര്‍ ശക്തമായ എതിര്‍പ്പുമായി രമേശിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.
ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വളരെയധികം അംഗബലമുള്ള യു.ഡി.എഫ് മന്ത്രിസഭയില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് പ്രാധാന്യം വേണമെന്ന് എന്‍.എസ്.എസൂം, എസ്.എന്‍.ഡി.പിയും നിരന്തരമായി അവശ്യപ്പെടുന്നുണ്ട് എങ്കിലും രമേശിനെ പിന്തുണയ്ക്കുവാന്‍ ഇരു സംഘടനകളും പ്രത്യക്ഷമായി രംഗത്ത് വരുന്നില്ല. മാത്രമല്ല രണ്ടു സംഘടനകളുടേയും സമുന്നതരായ നേതാക്കളായ സുകുമാരന്‍ നായരും, വെള്ളാപ്പള്ളി നടേശനും രമേശിനെതിരെ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അന്തിമ തീരുമാനം കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തിന്റേത് ആണെങ്കിലും സമുദായ സംഘടനകളുടേയും പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടേയും എതിര്‍പ്പ് രമേശിനു മറികടക്കാനായില്ലെങ്കില്‍ മന്ത്രിസഭയില്‍ കയറിക്കൂടുക പ്രയാസമായിരിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം