തിരുവനന്തപുരം: പരസ്ത്രീ ഗമനത്തിന്റേയും ഭാര്യയെ പീഡിപ്പിച്ചതിന്റേയും പേരില്‍ മന്ത്രി സ്ഥാനം രാജിവെച്ച കേരള കോണ്‍ഗ്രസ്സ് ബിയുടെ എം.എല്‍.എ ഗണേശ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ഒരു സംഘം കോണ്‍ഗ്രസ്സ് നേതാക്കളും രംഗത്ത്. ഗണേശ്കുമാര്‍ രാജിവെച്ച സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മ്മികതയല്ലെന്ന് പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. യാമിനി തങ്കച്ചിയുടെ സത്യവങ്‌മൂലം അനുസരിച്ച് ഗണേശ്കുമാര്‍ പാപിയാണ്. യാമിനിക്കെതിരെ സത്യവിരുദ്ധമായ സത്യവാങ്‌മൂലം സമര്‍പ്പിച്ചത് ഗണേശ് സമ്മതിച്ചതാണെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു
ഒരു എം.എല്‍.എ മാത്രമുള്ള ഘടക കക്ഷിക്ക് രണ്ട് മന്ത്രി സ്ഥാനത്തിനു അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് റാങ്കിലാണ് മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥനത്തേക്ക് നിയമിച്ചത്. ഘടക കക്ഷികളുടെ അഭിപ്രായം പരിഗണിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകുവാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം തല്‍ക്കാലത്തേക്ക് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒരു മന്ത്രി സഭാ പുന:സംഘടനയ്ക്ക് സാധ്യത ഇല്ല. എന്നാല്‍ ഗണേശ് കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയോഗിക്കുവാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. തല്‍ക്കാലം ഗണേശ് കുമാര്‍ മന്ത്രിയായില്ലെങ്കില്‍ ആ സീറ്റ് കോണ്‍ഗ്രസ്സിനു ലഭിക്കും. ഗണേശിന്റെ മന്ത്രിസഭാ പുന:പ്രവേശനത്തെ എതിര്‍ക്കുന്നതിന്റെ ഒരു കാരണവും ഇതാണ്. നെല്ലിയാമ്പതിയിലെ ഭൂമിയുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് വനം മന്ത്രിയായിരിക്കെ ഗണേശ് കുമാര്‍ എടുത്തിരുന്നത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം