കൊച്ചി: ലുലു മാളുമായും ബന്ധപ്പെട്ട് ലുലു ചെയര്‍മാന്‍ എം.എ.യൂസഫലിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സി.പി.എമ്മിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ലുലു മാളുമായി ബന്ധപ്പെട്ട് യൂസഫലി സ്ഥലം കയ്യേറിയെന്നും നിയമ ലംഘനം നടത്തിയെന്നുമാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണിയുള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ വി.എസ്.അച്ച്യുതാനന്ദനും, പാലോളി മുഹമ്മദ് കുട്ടിയും ലുലു മാളിനു നിര്‍മ്മാണ അനുമതി അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അസന്ധിഗ്ദമായി പറയുന്നു.ഇവര്‍ക്കൊപ്പം സി.പി.എം സംസ്ഥാന സമിതി അംഗം ചന്ദ്രന്‍ പിള്ളയും യൂസഫലിയെ അനുകൂലിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ബോള്‍ഗാട്ടി പദ്ധതിയെ എതിര്‍ക്കുന്ന സി.ഐ.റ്റി.യു-തുറമുഖ യൂണിയന്‍ നേതാവും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.എം.ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. ലുലുമാളുമായും ബൊള്‍ഗാട്ടിയിലെ പ്രദ്ധതിയുമായും ബന്ധപ്പെട്ട് സി.പി.എമ്മിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത കഴിഞ്ഞ മാധ്യമങ്ങളും ഏറ്റു പിടിച്ചതോടെ വിവാദം കൊഴുത്തു. നേതാക്കള്‍ക്കിടയിലെ പരസ്പര വിരുദ്ധമായ നിലപാട് അണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഫേസ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ലുലു വിവാദം സജീവ ചര്‍ച്ചയായിട്ടുണ്ട്. നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാട് മൂലം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ സി.പി.എം അനുകൂലികള്‍ക്ക് പലപ്പോഴും അടിതെറ്റുന്നു.
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥനം, സര്‍ക്കാരിനെതിരെ സാമുദായിക നേതാക്കന്മാരുടെ പടയൊരുക്കം എന്നിവയ്ക്കിടയില്‍ പെട്ട് നട്ടം തിരിയുന്ന യു.ഡി.എഫിന് ആശ്വാസമായിരിക്കുകയാണ് ലുലു വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ നേതാക്കന്മാരുടെ തമ്മിലടി. സി.പി.എം വികസന വിരോധികളാണെന്നും നിക്ഷേപകരെ അവഹേളിച്ചും ആക്ഷേപിച്ചും ഓടിക്കുവാനാണ് ശ്രമമെന്നും പറഞ്ഞു കൊണ്ട് കിട്ടിയ അവസരം യു.ഡി.എഫ് കേന്ദ്രങ്ങളും മുതലാക്കുകയും ചെയ്യുന്നു.എല്‍.ഡി.ഫ് ഭരണകാലത്താണ് രണ്ടു പദ്ധതികള്‍ക്കും അനുമതി നല്‍കിയതെന്നും നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നതിലുള്ള അസംതൃപ്തി യൂസഫലി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും തുടര്‍ന്ന് ബൊള്‍ഗാട്ടി പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യൂസഫലി പിന്മാറുന്നതായുള്ള വാര്‍ത്തയെ ദിനേശ് മണിയുള്‍പ്പെടെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ സ്വാഗതം ചെയ്തു. നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുമ്പോളും വിഷയത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പരസ്യമായി പാര്‍ട്ടി നിലപാട് ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല.
ഇതിനിടയില്‍ ബോള്‍ഗാട്ടി ഭൂമി ഇടപാടിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പോര്‍ട്ട് ട്രസ്റ്റിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എം.എം. ലോറന്‍സിനെതിരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വക്കീല്‍ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാ ജനകവുമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണെമെന്നാണ് അവര്‍ ലോറന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം