വയനാട് : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി തേര അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം അവര്‍ക്ക് ഭൂമി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ദീര്‍ഘമായ നിയമ വ്യവഹാരം നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പൊതുവില്‍ ചികിത്സാ സൌകര്യങ്ങള്‍ കുറവായ വയനാട്ടില്‍, ആദിവാസികള്‍ക്കും മറ്റും ചികിത്സ ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാലത്താണ് ഇദ്ദേഹം സേവന പ്രവര്‍ത്തനങ്ങളുമായി അവിടെ എത്തുന്നത്. 1976 മുതല്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വയനാട്ടിലേക്കുള്ള ബസ് യാത്ര പ്രശ്നം പരിഹരിക്കുവാനായി 1984-ല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ ഫലമായി കെ. എസ്. ആര്‍. ടി. സി. യുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുകയും ചെയ്തു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡോ. നല്ലതമ്പി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടിയന്തിരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെ നടപടികളില്‍ പ്രതിഷേധിച്ച്, അവര്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പിന്നീട്
കുടുംബ വാഴ്ചയ്ക്കെതിരെ ഉള്ള പ്രതിഷേധം എന്ന നിലക്ക് രാജീവ് ഗാന്ധിക്കെതിരെയും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ പരമാനന്ദന്‍ – ജെസി ദമ്പതികളുടെ മകനായി ജനിച്ച ഡോ. നല്ലതമ്പി എം. ബി. ബി. എസ്. പൂര്‍ത്തിയാക്കിയ ശേഷം 1973-ല്‍ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വയനാട്ടില്‍ എത്തിപ്പെട്ട അദ്ദേഹം തന്റെ സേവന രംഗം അവിടെ എന്ന് നിശ്ചയിക്കു കയായിരുന്നു. ഡോ. നല്ലതമ്പിയുടെ മരണത്തോടെ സാമൂഹിക പ്രവര്‍ത്തകനേയും, നല്ല ഒരു ബിഷഗ്വരനേയും ആണ് വയനാട്ടിലെ സാധാരണക്കാര്‍ക്ക് നഷ്ടമായത്.
- എസ്. കുമാര്‍