കോഴിക്കോട്: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി 26ന് ആരംഭിക്കും. തപാല്‍ വകുപ്പ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ സഹകരണ ത്തോടെയാണു മദ്രസ അദ്ധ്യാപകരുടെയും മദ്രസ കമ്മിറ്റി മാനേജ് മെന്റുകളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. 20 വയസ്സ് തികഞ്ഞവരും മദ്രസ അദ്ധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗത്വം ലഭിക്കും. 65 വയസ്സു വരെ ജോലിയില്‍ തുടര്‍ന്നു കൊണ്‌ടു ക്ഷേമനിധി അംഗത്വം നിലനിര്‍ത്താം.
ക്ഷേമനിധി വിഹിതമായി മദ്രസ അദ്ധ്യാപകരും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റിയും പ്രതിമാസം 50 രൂപ വീതം സൗകര്യ പ്രദമായ തപാല്‍ ഓഫിസുകളില്‍ അടയ്‌ക്കണം. ക്ഷേമനിധിയില്‍ വീഴ്‌ച കൂടാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാ ക്കുന്നവര്‍ക്കു മിനിമം പെന്‍ഷനായ 500 രൂപ പ്രതിമാസം ലഭിക്കും. 30 വര്‍ഷം അംഗത്വം തുടരുന്ന അധ്യാപകന് 1,200 രൂപയ്‌ക്കു മേല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇവരുടെ കാലശേഷം കുടുംബത്തിനു രണ്‌ടു ലക്ഷം രൂപ വരെ നിക്ഷേപ ത്തുകയായും ലഭിക്കും. 40 വര്‍ഷം അംഗത്വം തുടരുന്നവര്‍ക്കു 3,100 രൂപയ്‌ക്കു മുകളില്‍ പെന്‍ഷനായി ലഭിക്കും. കൂടാതെ, നിക്ഷേപ ത്തുകയായ നാലര ലക്ഷത്തോളം രൂപയും കിട്ടും. കേരളത്തില്‍ ഇതു വരെ ആവിഷ്‌കരിച്ച സമാന പദ്ധതി കളെക്കാള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഈ പദ്ധതി പ്രകാരം ഉറപ്പു നല്‍കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മദ്രസ അദ്ധ്യാപകരുടെ ജീവിതം സുരക്ഷിത മാക്കുന്നതിനു വേണ്‌ടിയുള്ള പദ്ധതിയില്‍ സംസ്ഥാനത്തെ 49,000 ത്തോളം മദ്രസ അദ്ധ്യാപകര്‍ക്കു പ്രയോജനം ലഭിക്കും. പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനവും, പദ്ധതിക്കായുള്ള സര്‍ക്കാര്‍ ഫണ്‌ടിന്റെ വിതരണവും, കോഴിക്കോട് ടാഗോര്‍ ഹാളില്‍ ജൂണ്‍ 26നു വൈകീട്ട് 4 മണിക്ക് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിര്‍വഹിക്കുമെന്നു സ്വാഗത സംഘം ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഉദ്‌ഘാടന ച്ചടങ്ങില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്‌ട്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം. മെഹബൂബും, മദ്രസ അദ്ധ്യാപകരുടെ അംഗത്വ വരിസംഖ്യ സംസ്ഥാന ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശോഭാ കോശിയും സ്വീകരിക്കും. ഉദ്‌ഘാടന ത്തോടനുബന്ധിച്ചു ടാഗോര്‍ ഹാളില്‍ സജ്ജീകരിക്കുന്ന കൗണ്‌ടറുകളില്‍ നിന്നു ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷാ ഫോറം വിതരണം ചെയ്യും. കലക്ടറേറ്റിലും ഒപ്പം കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലും ഫോറം ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തപാല്‍ വകുപ്പ് സീനിയര്‍ സൂപ്രണ്‌ട് പി. രാമകൃഷ്‌ണന്‍, ക്ഷേമനിധി മാനേജര്‍ വി. ആര്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
- ജെ.എസ്.
(അയച്ചു തന്നത് : ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമൂഹ്യക്ഷേമം