ഇടുക്കി ജില്ലയില്‍ തേയില തോട്ടങ്ങളുടേയും കോടമഞ്ഞു നിറഞ്ഞ മല നിരകളുടേയും സംഗമ സ്ഥാനമായ കുട്ടിക്കാനത്ത് പ്രവാസി മലയാളികള്‍ക്കായി ഒരു അപൂര്‍വ്വ കുടുംബ സംഗമത്തിന് വേദി ഒരുങ്ങുന്നു. ജലനിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം മരിയന്‍ കോളേജാണ് ഈ കുടുംബ സംഗമത്തിന് ആഗസ്റ്റ് മാസം 10 മുതല്‍ 12 വരെ തീയതികളില്‍ സാക്ഷ്യം വഹിക്കുന്നത്. ഇരുപതിലേറെ വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള 150ഓളം പ്രവാസി കുടുംബങ്ങള്‍ക്കാണ് ഇവിടെ ഒത്തുചേരാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. കേരളത്തിനും ഇന്ത്യയ്‌ക്കും പുറത്ത് താമസിക്കുന്ന ഏതു വിദേശ മലയാളിക്കും കുടുംബ സമേതം പ്രവേശനം ഉണ്ടെന്നുളളതാണ് ഈ മേളയുടെ പ്രത്യേകത. വിവിധ തരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത് ജോലി ചെയ്യുന്ന നമ്മുടെ മലയാളി സഹോദരങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും വിട്ടു മാറി മനസ്സുകളെ ഉന്മേഷഭരിതമാക്കി അവരവരുടെ കര്‍മ്മ രംഗങ്ങളിലേയ്‌ക്ക് തിരിച്ചു പോകുവാന്‍ കുട്ടിക്കാനം സഹായിക്കുമെന്ന് സംഘാടകര്‍ പറയുന്നു.
ബഹുമാനപ്പെട്ട കേരള ജല വിഭവ മന്ത്രി പി. ജെ. ജോസഫും കുടുംബവും നയിക്കുന്ന സംഗീത സന്ധ്യയും, സിനിമാ താരവും കേരള സംഗീത നാടക അക്കാഡമി മുന്‍ ചെയര്‍മാന്‍ മുകേഷിന്റെ നര്‍മ്മ സല്ലാപവും മുന്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എം. എ. ബേബി, കെ. റ്റി. ഡി. സി. ചെയര്‍മാന്‍ വിജയൻ തോമസ് എന്നിവരുമായുള്ള ചോദ്യോത്തര വേളയും സംഗമത്തിന് മാറ്റു കൂട്ടുമെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ പാചക മുറകള്‍ പഠിക്കുവാനും, അത് മറ്റുള്ളവരുമായി പങ്കു വെയ്‌ക്കുവാഌം വീട്ടമ്മമാര്‍ക്ക് ഇവിടെ അവസരം ലഭിക്കുന്നു. തേയില തോട്ടങ്ങളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് സഞ്ചരിക്കുവാനും, ഫോട്ടോഗ്രാഫിക്കും ഈ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ഉണ്ടാകും. ചെറിയ കുട്ടികള്‍ക്ക് ഫണ്‍ സോണും, മുതിര്‍ന്നവര്‍ക്ക് കരിയര്‍ കൗണ്‍സിലിംഗും ഉണ്ടായിരിക്കും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചലചിത്ര ഗാന മത്സരവും കലാ സന്ധ്യയും ഈ കുടുംബ സംഗമത്തിന് മികവു പകരുന്നു. ബിസിനസ്സ് സംരംഭക ചര്‍ച്ചകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. പാശ്ചാത്യ ഭക്ഷണവും നാടന്‍ ഭക്ഷണവും വിദേശ മലയാളികളുടെ വിവിധ തലമുറകളുടെ അഭിരുചിക്കനുസരിച്ച് ഒരുക്കുന്നുണ്ട്.
വളരെ മിതമായ നിരക്കിലുള്ള താമസ സൗകര്യങ്ങള്‍ ഓരോ കുടുംബത്തിനും തിരഞ്ഞെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ലഭ്യമാണ്. ഒരു കുടംബത്തിന് 2 രാത്രിയും 3 പകലും രൂപ 1800/- മുതല്‍ രൂപ 10,000/- വരെയുള്ള റിസോര്‍ട്ടുകളാണ് താമസത്തിന് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
തേയിലയും സുഗന്ധ വ്യഞ്ജനങ്ങളും വില കുറച്ച് വാങ്ങാവുന്ന സ്റ്റോളുകള്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും.
മലയാളികളുടെ മനോഭാവ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്‌മയായ ഓള്‍ട്ട്യൂസാണ് കുട്ടിക്കാനം സംഗമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രവാസി കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ താഴെ കൊടുത്ത ഈമെയിൽ വിലാസത്തിലോ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക:
ഈമെയില്‍ – nrkfest@gmail.com
ഫോണ്‍ – 0471- 2479110, 95622441817
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി