കൊച്ചി: പ്രമുഖ തന്ത്രിയും ജ്യോതിഷ പണ്ഡിതനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (87) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും തന്ത്ര വിദ്യ പഠിക്കുവാനായി ശ്രീനാരായണ താന്ത്രിക്ക് റിസര്‍ച്ച് വിദ്യാലയത്തിന്റെ സ്ഥാപകായ ശ്രീധരന്‍ തന്ത്രി അറിയപ്പെടുന്ന തന്ത്ര-ജ്യോതിഷ പണ്ഡിതനുമായിരുന്നു. ഇതു സംബന്ധിയായ പല ചര്‍ച്ചകളിലും സെമിനാറുകളിലും സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളുടേയും പ്രതിഷ്ഠാചടങ്ങുകളിലേയും, ദേവപ്രശ്നങ്ങളിലേയും മുഖ്യ കാര്‍മ്മികനായും ആചാര്യനായും ഇരുന്നിട്ടുണ്ട് അദ്ദേഹം. കേരളത്തില്‍ ആദ്യമയാണ് ജന്മം കൊണ്ട് അബ്രാഹ്മണനായ ഒരാള്‍ ഈ രംഗത്ത് ഇത്രമാത്രം പ്രശസ്തനാകുന്നത്.
1925 ഒക്ടോബര്‍ 25 ന് കെടാമംഗലം കളവമ്പാറവീട്ടില്‍ മാമന്‍ വൈദ്യരുടേയും പാര്‍വ്വതിയമ്മയുടേയും മകനായി ജനിച്ച ശ്രീധരന്‍ പറവൂര്‍ ഹൈസ്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് സംസ്കൃതവും തന്ത്രവിദ്യയും പഠിച്ചു. അറിഞ്ഞതും സ്വയം ആര്‍ജ്ജിച്ചതുമായ അറിവുകള്‍ മറ്റുള്ളവരിലെക്ക് പകര്‍ന്നു നല്‍കുവാനായി എന്നും ശ്രമിച്ചിരുന്നു. ദേവയജന പദ്ധതി, പിതൃകര്‍മ്മ വിധി, ഗുരുശിഷ്യ സംവാദം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളും പണ്ഡിത സദസ്സുകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അടുത്തിടെ വിപുലമായ ചടങ്ങുകളോടെയാണ് ശ്രീധരന്‍ തന്ത്രിയുടെ ശതാഭിഷേക ചടങ്ങുകള്‍ പറവൂരില്‍ നടത്തിയത്. പരേതയായ അമൃതവല്ലിയാണ് ഭാര്യ. ജ്യോതിഷ്, ഗിരീഷ്, രാകേഷ് എന്നിവര്‍ മക്കളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം