തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വക വരുത്തിയത് സംബന്ധിച്ച് വിവാദമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ സി. പി. എമ്മിന്റെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തു. തീരുമാനം എടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മണിയും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും ഇതൊക്കെ പുല്ലു പോലെ ആണ് എടുക്കുന്നതെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. മണി നടത്തിയ പ്രസംഗം വിവാദമായപ്പോള്‍ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു.
പ്രസംഗത്തിനിടെ സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി. എസ്. അച്യുതാനന്ദന് എതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയ ടി. കെ. ഹംസയ്ക്കെതിരെ നടപടിയൊന്നും സംസ്ഥാന കമ്മിറ്റി എടുത്തില്ല. ടി. കെ. ഹംസയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് വി. എസ്. അച്യുതാനന്ദൻ പ്രതികരിച്ചിരുന്നത്. തനിക്കെതിരെ ഹംസ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതിയും ഉന്നയിച്ചിരുന്നു. ഹംസയ്ക്കെതിരെ നടപടിയെടുക്കുവാന്‍ കേന്ദ്ര കമ്മിറ്റിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി അതേ പറ്റി ചര്‍ച്ച പോലും നടത്തിയില്ലെന്ന് സൂചനയുണ്ട്. ഹംസയുടേത് ഒരു ഏറനാടന്‍ തമാശയായി കണ്ടാല്‍ മതിയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം