കോഴിക്കോട് : കോൺഗ്രസിലെ ഗ്രൂപ്പ് വടംവലികൾക്ക് ആക്കം കൂട്ടിക്കൊണ്ട് വയലാർ രവിയും രംഗത്തെത്തി. ഉമ്മൻ ചാണ്ടി ഗ്രൂപ്പിലും രമേഷ് ചെന്നിത്തല ഗ്രൂപ്പിലും പെടാത്ത നേതാക്കളെ അണിനിരത്തി ഒരു മൂന്നാം ഗ്രൂപ്പിന് രൂപം നൽകാനുള്ള സാദ്ധ്യതകൾ കെ. മുരളീധരനുമായി ചർച്ച ചെയ്യാൻ വേണ്ടിയാണ് രവി ഇന്നലെ മുരളിയുടെ വീട്ടിൽ എത്തിയത് എന്നാണ് സൂചന. ഒരു മണിക്കൂറോളം നീണ്ടുനിന്ന സന്ദർശനം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയായിരുന്നു എന്നാണ് പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് രവി പറഞ്ഞത്.
കെ. പി. സി. സി. യും ഡി. സി. സി. യും പുനഃസംഘടിപ്പിക്കുന്ന വേളയിൽ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു. ഏകപക്ഷീയമായി പുനഃസംഘടന നടത്തുന്നതിന് പകരം പാർട്ടി ശക്തിപ്പെടുത്തുന്നതിനായി ഗ്രൂപ്പ് നോക്കാതെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കണം എന്ന് വയലാർ രവി പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താനും നേതൃത്വം ശ്രദ്ധ പതിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം