കൊച്ചി: സ്വര്‍ണ്ണ വില ചരിത്രത്തിലാദ്യമായി 20,000 ഭേദിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോഡിലെത്തുകയും ഓഹരിവിപണികള്‍ ഇടിയുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്വര്‍ണവില കേരളത്തില്‍ രണ്ടുതവണ കയറി. ഇതോടെ പവന് 20,520 രൂപയായി, ഗ്രാമിന് 2565 രൂപ.
വെള്ളിയാഴ്ച രാവിലെ വില 480 രൂപ വര്‍ധിച്ചതോടെ 20,320 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ 200 രൂപകൂടി ഉയര്‍ന്നതോടെ വില 20,520-ലെത്തി. തങ്കവിലയില്‍ ഗ്രാമിന് 80 രൂപയുടെ വര്‍ധനയുണ്ടായതോടെ വില 2815 രൂപയായി. ഇന്ത്യയില്‍ പുതിയ വിവാഹസീസണിന് തുടക്കമായതും സ്വര്‍ണത്തിന് ഉണര്‍വായി.
അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴുമോ എന്ന ആശങ്കയും യൂറോപ്പിലെ കടക്കെണിയും മൂലം നിക്ഷേപകര്‍ ഓഹരിയും ബോണ്ടുകളും വിറ്റഴിക്കല്‍ തുടരുകയാണ്. ഒപ്പം ഉത്പന്നങ്ങളായ ചെമ്പ്, നിക്കല്‍, ക്രൂഡോയില്‍, കാരീയം, സിങ്ക്, അലൂമിനിയം എന്നിവയും വിറ്റഴിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഒരു പരിധിവരെ വെള്ളിയിലും വില്പന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയിലെ ആസ്തിയായ സ്വര്‍ണം ദിവസേനയെന്നോണം പുതിയ റെക്കോഡ് സൃഷ്ടിക്കുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം