സിംഗപ്പൂര്‍ : യൂത്ത് ഒളിമ്പിക്സില്‍ ആണ്‍ കുട്ടികളുടെ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്. എസ്. പ്രണോയ് വെള്ളി മെഡല്‍ നേടി. മികച്ച പ്രകടനം കാഴ്ച വെച്ച പ്രണോയ്ക്ക് സ്വര്‍ണ്ണ പ്രതീക്ഷ യുണ്ടായിരുന്നു എങ്കിലും ഫൈനലില്‍ തായ്‌ലന്റിന്റെ പിസിത് പൂഡ് ചലാറ്റിനു മുമ്പില്‍ അടിയറവു പറഞ്ഞു. 15-21, 16-21 ആയിരുന്നു സ്കോര്‍ നില. സിംഗപ്പൂരില്‍ മത്സരം നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാണികളുടെ പിന്തുണ തായ്‌ലന്റ് താരത്തിനായിരുന്നു.
യൂത്ത് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി താരം ആണ് പ്രണോയ്. തിരുവനന്തപുരം ആനയറ സ്വദേശി തിരുമുറ്റത്ത് സുനില്‍ കുമാറിന്റേയും ഹസീനയുടേയും മകനായ ഹസീന സുനില്‍ കുമാര്‍ പ്രണോയ് ചെറുപ്പം മുതലേ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഓള്‍ ഇന്ത്യ ജൂനിയര്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതോടെയാണ് ഈ യുവ താരം ശ്രദ്ധിക്കപ്പെട്ടത്. സീഡഡല്ലാത്ത പ്രണോയ് അന്ന് ടോപ് സീഡ് ആന്ധ്രാപ്രദേശ് താരം സുമിത് റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം നേടിയത്. പിന്നീട് യൂണിയന്‍ ബാങ്ക് ഓള്‍ ഇന്ത്യ അണ്ടര്‍ നൈന്റീന്‍ ബോയ്സ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും സുനില്‍ കരസ്ഥമാക്കി.
യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നഷ്ടമായെങ്കിലും പ്രണോയിയുടെ പ്രകടനം ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കും എന്ന പ്രതീക്ഷ നല്‍കുന്നതാണ്. പ്രണോയിയുടെ നേട്ടത്തില്‍ കേരള സര്‍ക്കാര്‍ അഭിനന്ദിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം